Asianet News MalayalamAsianet News Malayalam

രുചികരവും എന്നാൽ 'ഹെൽത്തി'യുമായ അഞ്ച് തരം ചട്ണികൾ ഇതാ...

തക്കാളി വച്ചും തേങ്ങ വച്ചുമെല്ലാം ആണ് സാധാരണഗതിയിൽ ചട്ണി തയ്യാറാക്കാറ്. ഇവിടെയിതാ ആരോഗ്യകരമായ അതേസമയം രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത അഞ്ച് തരം ചട്ണികളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

here is the recipe of five tasty and healthy chutneys
Author
First Published Sep 19, 2022, 10:05 AM IST

ദക്ഷിണേന്ത്യൻ വിഭവങ്ങൾക്കൊപ്പം മിക്കവാറും കാണുന്ന കോംബോ ആണ് ചട്ണി. ദോശ, ഇഡ്ഡലി, വട, ബജി, ചപ്പാത്തി, അപ്പം എന്നിങ്ങനെ വിവിധതരം പലഹാരങ്ങൾക്കൊപ്പവും വിവിധ തരത്തിലുള്ള ചട്ണികൾ നാം കഴിക്കാറുണ്ട്. തക്കാളി വച്ചും തേങ്ങ വച്ചുമെല്ലാം ആണ് സാധാരണഗതിയിൽ ചട്ണി തയ്യാറാക്കാറ്. ഇവിടെയിതാ ആരോഗ്യകരമായ അതേസമയം രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത അഞ്ച് തരം ചട്ണികളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു സീഡ് ആണ് ഫ്ളാക്സ് സീഡ്. ഇത് വച്ച് തയ്യാറാക്കുന്ന ചട്ണിയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യം കാൽക്കപ്പ് ഫ്ളാക്സ് സീഡ് ഡ്രൈ റോസ്റ്റ് ചെയ്യുക. ഇതിനൊപ്പം രണ്ടോ മൂന്നോ ചുവന്ന മുളക്, 6-8 അല്ലി വെളുത്തുള്ളി, 2 ടീസ്പൂൺ എള്ള് എന്നിവയും വറുക്കാനായി ചേർക്കണം. ഇനിയിത് ആറാൻ മാറ്റാം. 

തണുത്ത ശേഷം എല്ലാം ഗ്രൈൻഡറിൽ പൊടിച്ചെടുത്ത് ഇതിലേക്ക് അൽപം ഉപ്പ് ജീരകപ്പൊടി എന്നിവ കൂടി ചേർത്ത് ഒന്നുകൂടി പൊടിക്കുക. ഇനി ആവശ്യമുള്ളപ്പോൾ അൽപം ചൂടുനെയ് ഈ പൊടിയിൽ ചേർത്താൽ നല്ലൊരു ചട്ണിയായി. ചട്ണിപ്പൊടി കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

രണ്ട്...

പരിപ്പ് കൊണ്ട് തയ്യാറാക്കുന്ന ചട്ണിാണ് അടുത്തത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. വിവിധയിനം പരിപ്പുകളാണ് ഇതിന് ഉപയോഗിക്കേണ്ടത്. നമുക്ക് തുവരപ്പരിപ്പ്, കടലപ്പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവയെടുക്കാം. മൂന്നും ര്ട് ടേബിൾ സ്പൂൺ വീതമെടുത്ത് ഒന്ന് വറുത്തെടുക്കാം. വറുക്കുന്ന കൂട്ടത്തിൽ അൽപം പുളിയും രണ്ട് ടീസ്പൂൺ ജീരകപ്പൊടിയും രണ്ടോ മൂന്നോ ചുവന്ന മുളകും കാൽ ടീസ്പൂൺ കായവും ചേർക്കണം. വെള്ളം ചേർത്ത് ഇത് അരച്ചെടുക്കാം.

here is the recipe of five tasty and healthy chutneys

ഇനിയീ അരച്ച മിശ്രിതത്തിലേക്ക് ഉപ്പ് ചേർക്കുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി കടുകിട്ട് ഇതിലേക്ക് അരക്കപ്പ് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. സവാള നന്നായി വഴണ്ടുവരുമ്പോൾ കറിവേപ്പിലയും ചേർക്കാം.  ഇനിയിത് ചട്ണിയിലേക്ക് യോജിപ്പിക്കാം. പരിപ്പ് ചട്ണി റെഡി. 

മൂന്ന്...

ആന്ധ്രാ സ്റ്റൈൽ പീനട്ട് ചട്ണിയാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. ഇതിനായി അരക്കപ്പ് നിലക്കടല വറുത്ത് തൊലി കളഞ്ഞ് മാറ്റിവയ്ക്കുക ആദ്യം. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഒരു വലിയ തക്കാളി അരിഞ്ഞതും രണ്ടോ മൂന്നോ വെളുത്തുള്ളിയും ഗ്രേറ്റ് ചെയ്ത ഉഇഞ്ചി അര സ്പൂണും ചേർത്ത് വഴറ്റുക. ഇനി ഗ്രൈൻഡറിൽ നിലക്കടലയും വഴറ്റിവച്ചിരിക്കുന്നതും ചേർത്ത് അരയ്ക്കുക. 

ഇനിയൊരു പാനിൽ എണ്ണ ചൂടാക്കി കായം, അൽപം ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ്, കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ താളിച്ച് ഇത് ചട്ണിയിലേക്ക് ചേർക്കാം. 

നാല്...

കടലപ്പരിപ്പും തൈരും ചേർത്ത് തയ്യാറാക്കുന്ന വ്യത്യസ്തമായൊരു ചട്ണിയാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യം കാൽക്കപ്പ് കടലപ്പരിപ്പ് വറുത്തെടുക്കണം. ഇനിയൊരു പാനിൽ എണ്ണ ചൂടാക്കി നാല് വലിയ ചുവന്ന മുളക് ഇതിൽ വറുക്കുക. ഇതിലേക്ക് അൽപം കായം, ഒരു ടീസ്പൂൺ ജീരകം, കടുക്, കാൽ ടീസ്പൂൺ ഉലുവ എന്നിവ കൂടി ചേർക്കുക. ഇനി ഇത് ആറിയ ശേഷം വറുത്തുവച്ചിരിക്കുന്ന കടലപ്പരിപ്പ് കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം. ഈ അരച്ചെടുത്തത് തൈരുമായി യോജിപ്പിച്ചെടുത്താൽ കിടിലൻ ചട്ണി തയ്യാർ. 

അഞ്ച്...

നിലക്കടല കൊണ്ട് തന്നെ തയ്യാറാക്കുന്ന മറ്റൊരു ചട്ണിയാണിനി പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കാൻ ആദ്യം ഒരു കപ്പ് നിലക്കടല വറുത്ത് മാറ്റിവയ്ക്കുക. ഇത് ചൂടാറിയ ശേഷം തൊലി കളഞ്ഞെടുക്കണം. ഇനിയൊരു പാനിൽ എണ്ണ ചൂടാക്കി അതിൽ 3 അല്ലി വെളുത്തുള്ളി, രണ്ടോ മൂന്നോ ചുവന്ന മുളക്, 2 സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റിയെടുത്ത് ഇതിലേക്ക് ഒടു ടീസ്പൂൺ ശർക്കരയും അട ടീസ്പൂൺ പുളിയും ചേർത്തുകൊടുക്കുക. എല്ലാം നന്നായി ഒന്നോ രണ്ടോ മിനുറ്റ് നേരത്തേക്ക് അടുപ്പത്ത് വച്ചുതന്നെ യോജിപ്പിച്ച ശേഷം തീ കെടുത്തിവയ്ക്കുക. 

here is the recipe of five tasty and healthy chutneys

ഇനി മൂന്നോ നാലോ സ്പൂൺ തേങ്ങയും വറുത്ത നിലക്കടലയും തയ്യാറാക്കി വച്ചിരുന്ന മസാലയും ഒന്നിച്ച് ഗ്രൈൻഡറിൽ അരയ്ക്കുക. ഇനിയിതിലേക്ക് എണ്ണയിൽ ചുവന്ന മുളകും കറിവേപ്പിലയും ആവശ്യമെങ്കിൽ കടുകും വറുത്ത് ചേർക്കാം. 

Also Read:- തയ്യാറാക്കാം കിടിലൻ തേങ്ങാ ചട്ണി; കേടാകാതെ സൂക്ഷിക്കാം ദിവസങ്ങളോളം

Follow Us:
Download App:
  • android
  • ios