തലേന്നത്തെ കഞ്ഞിവെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ തടയാനും അസിഡിറ്റിയെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വയറു വീര്‍ത്തിരിക്കാറുണ്ടോ? ദഹന പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ പാനീയമാണ് കഞ്ഞിവെള്ളം. തലേന്നത്തെ കഞ്ഞിവെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ തടയാനും അസിഡിറ്റിയെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ കഞ്ഞിവെള്ളം കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും, വിറ്റാമിനുകളും, അമിനോ ആസിഡും അടങ്ങിയ കഞ്ഞിവെള്ളം കുടിക്കുന്നത് വയറ്റിനുള്ളിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും സഹായിക്കും. കഞ്ഞിവെള്ളത്തില്‍ അന്നജം അടങ്ങിയിട്ടുണ്ട്. ഇതും ദഹനപ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. വയറിളക്കമോ വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കിൽ, കുറച്ച് കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കഞ്ഞിവെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന കഞ്ഞിവെള്ളം നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കും. വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തലമുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും കഞ്ഞിവെള്ളം; ഉപയോഗിക്കേണ്ടത് ഇങ്ങനെ