Asianet News MalayalamAsianet News Malayalam

ഓവനില്ലാതെ ഒരു അടിപൊളി ചക്ക കേക്ക്; ഇങ്ങനെ തയ്യാറാക്കാം

ഈ ലോക് ഡൗൺ കാലത്ത് ചക്ക കൊണ്ട് കേക്ക് തയ്യാറാക്കിയാലോ..ഓവനും ബീറ്ററും ഒന്നും ഇല്ലാതെ തന്നെ ചക്ക കേക്ക് ഈസിയായി തയ്യാറാക്കാം.

how to make jack fruit cake
Author
Trivandrum, First Published Jun 1, 2021, 4:29 PM IST

ചക്കയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഈ ലോക് ഡൗൺ കാലത്ത് ചക്ക കൊണ്ട് കേക്ക് തയ്യാറാക്കിയാലോ..ഓവനും ബീറ്ററും ഒന്നും ഇല്ലാതെ തന്നെ ചക്ക കേക്ക് ഈസിയായി തയ്യാറാക്കാം.

വേണ്ട ചേരുവകൾ...

മൈദ                                                 1 കപ്പ് (250ml)
ചക്ക ചുള                                          10 എണ്ണം
എണ്ണ                                                 അര കപ്പ്
പഞ്ചസാര പൊടിച്ചത്                 മുക്കാല്‍ കപ്പ് (പഞ്ചസാര പൊടിക്കുമ്പോൾ ഗ്രാമ്പു 3 എണ്ണവും കൂടി ഇട്ടു പൊടിക്കണം )
മുട്ട                                                     2 എണ്ണം
അണ്ടിപ്പരിപ്പ്                                   ആവശ്യത്തിന്
ഉണക്ക മുന്തിരി                              ആവശ്യത്തിന്
ബേക്കിങ് പൗഡർ                          ഒരു ടീസ്പൂൺ
ബേക്കിങ് സോഡ                         കാൽ ടീസ്പൂൺ
വാനില എസെൻസ്                       ഒരു ടീസ്പൂൺ
ഉപ്പ്                                                      ഒരു നുള്ള്

കാരമേൽ തയ്യാറാക്കാൻ... 

പഞ്ചസാര                                        1/2 കപ്പ്
വെള്ളം                                            1/4 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം മൈദയിൽ ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ചേർത്ത് അരിച്ചെടുക്കുക. അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ചേർത്ത് മൈദയിൽ ഇളക്കിയെടുത്തു മാറ്റിവയ്ക്കുക. മുട്ടയും പൊടിച്ച പഞ്ചസാരയും വാനില എസ്സെൻസും ചക്ക ചുളയും ചേർത്തു മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കണം. മിശ്രിതമാക്കിയ ശേഷം എണ്ണയും മൈദയും ചേർത്തു നന്നായി ഇളക്കിയോജിപ്പിക്കുക. കൂടെ പഞ്ചസാര കാരമാലൈസ് ചേർക്കുക. 

അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്തിളക്കണം. തയ്യാറാക്കിയ കേക്ക് മിശ്രിതം കേക്ക് ടിന്നിലോ സ്റ്റീൽ ലഞ്ച് ബോക്സിലോ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. ശേഷം പാത്രം മൂന്നു നാലു തവണ തറയിൽ തട്ടി ഉള്ളിലുള്ള വായു കുമിളകൾ നീക്കം ചെയ്യണം.

കേക്ക് ബേക്ക് ചെയ്യാനായി അടി കട്ടിയുള്ള പാത്രം സ്റ്റൗവിൽ വച്ചശേഷം പരന്ന ചെറിയ പാത്രമോ കിച്ചണിൽ ഉപയോഗിക്കുന്ന വളയമോ വച്ചു കൊടുക്കാം. ശേഷം അടച്ചു പത്തു മിനിറ്റ് നന്നായി ചൂടാക്കുക. മീഡിയം തീയിൽ വച്ചു 40–45 മിനിറ്റ് കൊണ്ടു തയാറാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേക്ക് മിശ്രിതം ഇളക്കി യോജിപ്പിക്കുമ്പോൾ ഒരു വശത്തേക്കു മാത്രം ഇളക്കുക. മിശ്രിതം കേക്ക് ടിന്നിൽ ഒഴിക്കുന്നതിനു മുൻപു കുറച്ചു നെയ്യോ എണ്ണയോ പാത്രത്തിൽ തേച്ചു കൊടുക്കണം. പാത്രത്തിന്റെ ആകൃതിയിൽ ബട്ടർ പേപ്പർ മുറിച്ചു വച്ചശേഷവും മിശ്രിതം ഒഴിക്കാം. കേക്ക് മിശ്രിതം അടുപ്പിൽ വച്ച് ഇരുപതു മിനിറ്റ് കഴിയുമ്പോൾ തുറന്നു കേക്ക് പാകമായോ എന്നു നോക്കാൻ മറക്കരുത്. ചെറിയ കത്തി കൊണ്ടോ സ്പൂൺ കൊണ്ടോ കുത്തിനോക്കുമ്പോൾ മിശ്രിതം പറ്റിപ്പിടിക്കുന്നില്ലെങ്കിൽ അതാണു പാകം.

തയ്യാറാക്കിയത്:
ജാസ്മിൻ സഫർ

പേരയ്ക്ക കൊണ്ട് തയ്യാറാക്കാം ഒരു കിടിലൻ ചമ്മന്തി

Follow Us:
Download App:
  • android
  • ios