മുന്‍കാലങ്ങളില്‍ സോസുകള്‍ അടുക്കളകളില്‍ അത്ര സാധാരണയായി കാണപ്പെടുന്ന ഒരു 'ഐറ്റം' അല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യങ്ങളെല്ലാം മാറിയിരിക്കുന്നു. തക്കാളി സോസ്, ചില്ലി സോസ്, സോയ സോസ് എന്നിങ്ങനെ സ്‌റ്റോറുകളില്‍ ലഭ്യമായ മിക്ക സോസുകളും മിക്ക വീടുകളിലും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. 

എങ്കിലും സ്വന്തമായി സോസ് തയ്യാറാക്കാന്‍ പലര്‍ക്കും മടിയാണ്. രണ്ടാത്തെ പ്രശ്‌നം, അത് തയ്യാറാക്കുമ്പോള്‍ ശരിയായ രീതിയില്‍ തന്നെ വരുമോ എന്ന സംശയമാണ്. എന്തായാലും ഈ പേടിയെ മാറ്റിവച്ച് അല്‍പം സോസ് ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തിയാലോ? 

രുചികരമായ 'റെഡ് ചില്ലി സോസ്' വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. ഇതിനായി ആവശ്യമായത്രയും ചുവന്ന മുളക് എടുക്കാം. ഇവ ഞെട്ട് കളഞ്ഞ് അല്‍പം വിനാഗിരിയില്‍ മുക്കി വയ്ക്കാം. ഒരു മണിക്കൂറിന് ശേഷം (സമയം ആവശ്യമെങ്കില്‍ കുറയ്ക്കാം) കുറച്ച് വെളുത്തുള്ളിയും വളരെ ചെറിയ അളവില്‍ ഓയിലും (താല്‍പര്യമുള്ള ഓയില്‍) ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. 

വളരെ 'പ്രൊഫഷണല്‍' ആയിത്തന്നെ ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കണം എന്നില്ല. പലപ്പോഴും താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചേരുവകള്‍ മാറ്റിയും മറിച്ചുമെല്ലാം ചേര്‍ത്തും വിഭവങ്ങളില്‍ പരീക്ഷണം നടത്താം. 'റെഡ് ചില്ലി സോസി'ന്റെ കാര്യത്തില്‍ മുളകും ഉപ്പും വിനാഗിരിയും വെളുത്തുള്ളിയുമെല്ലാം അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള അളവില്‍ എടുത്താല്‍ മതി. ചിലര്‍ക്ക് വെളുത്തുള്ളിയുടെ രുചി ഇഷ്ടമാകില്ല. അങ്ങനെയെങ്കില്‍ അത് ഒഴിവാക്കാം. മറ്റ് ചിലര്‍ക്ക് 'സ്‌പൈസ് ഫ്‌ളേവര്‍' ഇഷ്ടമായിരിക്കും. അത്തരക്കാര്‍ക്ക് ഗ്രാമ്പൂ പോലുള്ള സ്‌പൈസുകള്‍ ചേര്‍ക്കാം. അതുപോലെ തന്നെ ചിലര്‍ സോസ് തയ്യാറാക്കുമ്പോള്‍ അല്‍പം പഞ്ചസാര കൂടി ചേര്‍ക്കാറുണ്ട്. അതും താല്‍പര്യമില്ലെങ്കില് ചേര്‍ക്കേണ്ടതില്ല. 

Also Read:- മാമ്പഴക്കാലമല്ലേ, മധുരവും എരിവുമുള്ള ഒരു കിടിലന്‍ സോസ് തയ്യാറാക്കിയാലോ?...