ബിരിയാണി എപ്പോഴും ഒരു സ്പെഷ്യൽ വിഭവമാണല്ലോ. പലർക്കും ബിരിയാണി ഇഷ്ടമാണ്. എന്നാൽ ഉണ്ടാക്കാൻ അൽപം മടിയാണ്. ബിരിയാണി തയ്യാറാക്കാൻ ഒരുപാട് സാധനങ്ങൾ വേണം, അത് പോലെ ഒരുപാട് സമയവുമെടുക്കും ഇതാണ് പലരും പറയുന്ന കാരണങ്ങൾ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് 'കുക്കർ വെജിറ്റബിൾ ബിരിയാണി'. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ബിരിയാണി അരി                                   1 കപ്പ്
കാരറ്റ്                                                          1 എണ്ണം (ക്യൂബായി അരിഞ്ഞത്)
ബീൻസ്                                                      3 എണ്ണം
ഉരുളക്കിഴങ്ങ്                                            1 എണ്ണം
തക്കാളി                                                      1 എണ്ണം
സവാള                                                    ഒരു സവാളയുടെ പകുതി നീളത്തിൽ അരിഞ്ഞത് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                 1 ‌ടീസ്പൂൺ
സവാള പേസ്റ്റ്                                          മൂന്ന് ടീസ്പൂൺ            
പച്ചമുളക് ചതച്ചത്                                 3 എണ്ണം
നെയ്യ്                                                         ആവശ്യത്തിന്
മുളക് പൊടി                                          1 ടീസ്പൂൺ
മഞ്ഞൾ പൊടി                                      1/4 ടീസ്പൂൺ
വെജിറ്റബിൾ മസാല                            1 ടീസ്പൂൺ
​ഗ്രാമ്പു                                                        2 എണ്ണം
ഏലയ്ക്ക                                                 4 എണ്ണം
കറുവപ്പട്ട                                                 1 എണ്ണം
ഉപ്പ്                                                          ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം....

ആദ്യം കുക്കറിൽ ആവശ്യത്തിന് നെയ്യ് ഒഴിക്കുക. ശേഷം അതിലേക്ക് കറുവപ്പട്ട, ​ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള പേസ്റ്റ് എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം ചതച്ച പച്ചമുളകും സവാളയും ചേർത്ത് വഴറ്റുക.

ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് വഴറ്റുക. (ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാം ). ആവശ്യത്തിന് ഉപ്പ്, മസാല പൊടി, മഞ്ഞൾ പൊടി, മുളക് പൊടി, എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. പിന്നീട്, അതിലേക്ക് കഴുകി വചിരിക്കുന്ന അരി ചേർക്കുക. ശേഷം നന്നായി ഇളക്കുക.

ട്വിറ്ററില്‍ 'ബിരിയാണിത്തല്ല്; മുന്നിലെത്തിയത് ആരാണെന്നോ?...

(ഒരു ഗ്ലാസ്‌ അരിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം എന്ന അളവിൽ വെള്ളം ഒഴിക്കുക). ശേഷം ഉപ്പ് കുറവാണെങ്കിൽ വീണ്ടും ഉപ്പ്  ചേർത്ത് ഇളക്കുക. ശേഷം കുറച്ച് നെയ്യ് ഒഴിച്ച് മല്ലിയില വിതറുക. വെള്ളം തിളച്ചതിന് ശേഷം കുക്കർ അടയ്ക്കുക. 

കുക്കർ അടച്ച് ചെറുതീയ്യില്‍ അഞ്ച് മിനിറ്റ് വേവിക്കുക. ശേഷം തീ ഓഫ് ചെയുക. ആവി പോകുന്നത് വരെ കുക്കർ മാറ്റിവയ്ക്കുക. ആവി മുഴുവനും പോയ ശേഷം വിളമ്പാവുന്നതാണ്. രുചികരമായ കുക്കർ വെജിറ്റബിൾ ബിരിയാണി തയ്യാറായി....

തയ്യാറാക്കിയത്:
ആർ. രാജേശ്വരി
തിരുവനന്തപുരം