വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. കൂടാതെ വേനല്‍കാലത്ത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതില്‍ വേനല്‍കാലത്ത് പലര്‍ക്കുമുളള ഒരു പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ജലാംശം കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം കിട്ടുകയും ചെയ്യും.

കടുത്ത ചൂടിൽ നിന്നു രക്ഷനേടാൻ പഴച്ചാറുകള്‍ ധാരാളം കുടിക്കാം. പഴങ്ങള്‍ വെറുതെ കഴിക്കുന്നതും നല്ലതാണ്.  ശരീരത്തെ തണുപ്പിക്കാനും ശുചീകരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും പഴച്ചാറുകൾ സഹായിക്കും. വേനല്‍‌ക്കാലത്ത് കുടിക്കാൻ പറ്റിയ ചില പഴച്ചാറുകള്‍ നോക്കാം.

ഒന്ന്...

വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വിറ്റാമിൻ സിയാൽ സമ്പന്നമാണ്​ നാരങ്ങാജ്യൂസ്​. ചർമത്തെ ശുദ്ധിയാക്കാനും ഇത്​ സഹായിക്കുന്നു. പി.എച്ച്​ ലെവൽ നിയന്ത്രിച്ചുനിർത്താനും ഇത്​ സഹായിക്കും. യുവത്വം നിലനിർത്താനും ചർമത്തെ മികച്ചതാക്കാനും ഇത്​ സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ്​ നാരങ്ങാ വെള്ളം കുടിക്കുന്നത്​ ഉത്തമമാണ്​. ചൂട് സമയത്തുണ്ടാകുന്ന ചര്‍മരോഗങ്ങളില്‍ ഇത് സഹായിക്കും. 

രണ്ട്...

 ശരീരത്തിൽ ജലാംശം വേണ്ടത്ര അളവിൽ നിലനിർത്തൽ നല്ലതാണ് തണ്ണിമത്തന്‍ ജ്യൂസ്​. തണ്ണിമത്തനില്‍ അമിനോ ആസിഡി​ന്‍റെ സാന്നിധ്യം കാരണം ഉയർന്ന കലോറി ഊർജോൽപ്പാദനത്തിനും സഹായിക്കുന്നു.  നൂറ്​ മില്ലി ലിറ്റർ തണ്ണിമത്തൻ ജ്യൂസിൽ ഏകദേശം 100 ക​ലോറി അടങ്ങിയിരിക്കും. മൂത്രാശയ രോഗങ്ങളെയും മുഖക്കുരു പോലുള്ള ചർമ രോഗങ്ങളെയും തുരത്താൻ തണ്ണിമത്തനു കഴിയും.

മൂന്ന്...

പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്‍റെ സമയമാണ് വേനൽക്കാലം. വൈറ്റമിനുകളും മിനറൽസും അയണും ധാരാളമടങ്ങിയ മാമ്പഴച്ചാറ് വേനലിൽ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദഹനപ്രശ്നങ്ങളെയും കാൻസറിനെയും പ്രതിരോധിക്കാന്‍ ഇതിനുകഴിയും. 

 

 

നാല്...

ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാൽതന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു. പതഞ്ഞുപൊങ്ങുന്ന കൃത്രിമ പാനീയങ്ങളുടെ സ്​ഥാനത്ത്​ എന്തുകൊണ്ടും പകരംവെക്കാവുന്ന കുറഞ്ഞ കലോറിയുള്ള ജ്യൂസാണ്​ ഒാറഞ്ചി​ന്‍റേത്​. നെഗറ്റീവ്​ കലോറി ജ്യൂസ്​ ആയാണ്​ ഒാറഞ്ച്​ ജ്യൂസ്​ പരിഗണിക്കപ്പെടുന്നത്​. ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും  കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയിൽ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാൻ സഹായിക്കുന്നവയാണ്.

അഞ്ച്...

മികച്ചൊരു ഔഷധമായ പപ്പായ ജ്യൂസ് വേനലിൽ ധാരാണമായി കുടിക്കാം. വൈറ്റമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്.വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും പപ്പായ സഹായിക്കും. ചർമത്തിലെ മൃതകോശങ്ങളകറ്റാനും ചർമം കൂടുതൽ സുന്ദരമാകാനും ഇത് സഹായിക്കും. 

ആറ്...

ജലാംശം കൂടുതൽ ഉള്ള ഒരു ഫലം. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിർത്താനും മുന്തിരി ഉത്തമമാണ്.