അടുത്തിടെയായി ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ഒരു പേരാണ് കമലാ ഹാരിസ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ വനിത. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമലാ ഹാരിസിന് സ്വന്തമാണ്. 

കമലയുടെ ഇഷ്ടങ്ങളെ കുറിച്ചും ഭക്ഷണരീതികളെ കുറിച്ചുമൊക്കെ ഇതിനോടകം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇഡ്‍ഡലി- സാമ്പാര്‍, ദോശ എന്നിവയാണ് കമലാ ഹാരിസിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണങ്ങള്‍. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഇഷ്ട ഭക്ഷണം ഏതെങ്കിലും വിധത്തിലുള്ള ടിക്കയാണ് എന്നും കമല വെളിപ്പെടുത്തിയിരുന്നു. 

ഭക്ഷണപ്രിയയായ കമലയ്ക്ക് പാചകം ചെയ്യാനും ഇഷ്ടമാണ്. ഇപ്പോഴിതാ അമേരിക്കയിലെ 'താങ്ക്സ് ഗിവിംഗ്' ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് ഭക്ഷണത്തിന്‍റെ പാചകക്കുറിപ്പുമായി എത്തിയിരിക്കുകയാണ് കമല.

കോൺ ബ്രെഡ് ഡ്രെസ്സിംഗാണ് കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് ഭക്ഷണമെന്ന് കമല പറയുന്നു. ഇതിന്റെ വിശദമായ പാചകക്കുറിപ്പും കമല തന്‍റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു. 

ഈ വർഷം എന്റെ കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ്ഗിവിംഗ് പാചകക്കുറിപ്പുകൾ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാൻ ആഗ്രഹിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കമല പാചകക്കുറിപ്പ് പങ്കുവച്ചത്. പ്രയാസമേറുന്ന സമയത്ത് പാചകത്തിലേക്ക് തിരിയുമെന്നും കമല കുറിച്ചു. 

 

മൂന്ന് ലക്ഷത്തിലധികം ലൈക്കാണ് ഈ പോസ്റ്റിന് ലഭിച്ചത്. അമേരിക്കയിലെ വാർഷിക ദേശീയ അവധി ദിനമാണ് താങ്ക്സ്ഗിവിംഗ്. എല്ലാ വർഷവും നവംബറിലെ അവസാനത്തെ വ്യാഴാഴ്ചയാണ് താങ്ക്സ് ഗിവിംഗ് ആയി ആഘോഷിക്കുന്നത്.

Also Read:  'കമലയ്ക്ക് ഇഷ്ടം മസാല ദോശയോ?'; പഴയൊരു വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു