കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മിക്കവാറും പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. ജോലിയില്ല, വരുമാനമില്ല, വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ജോലി നോക്കിയിരുന്നവര്‍ വെറും കയ്യോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു അങ്ങനെ പേടിപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായ ഒരുപാട് വാര്‍ത്തകള്‍ നമ്മള്‍ കണ്ടു. 

എന്നാല്‍ ലോക്ഡൗണ്‍ കാലത്തെ പ്രതികൂല സാഹചര്യങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്താതെ പിടിച്ചുനിന്നവരും ഇവിടെയുണ്ട്. അത്തരത്തിലൊരാളാണ് കൊച്ചി സ്വദേശിയായ കിരണ്‍. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ യൂറോപ്പിലെ പഠത്തിന് താല്‍ക്കാലിക അവധി കൊടുത്ത് നാട്ടിലെത്തിയതായിരുന്നു കിരണ്‍. 

ഇവിടെയത്തിയപ്പോള്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യമായി. അങ്ങനെ വീട്ടില്‍ വെറുതെയിരുന്ന് ബോറടിച്ചപ്പോള്‍ ഇടയ്ക്ക് കൂട്ടുകാര്‍ക്കെല്ലാം ഭക്ഷണമുണ്ടാക്കി നല്‍കി. യൂറോപ്പില്‍ പാര്‍ട് ടൈം ജോലിയായി, ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്ത പരിചയമുണ്ടായിരുന്നു കിരണിന്. 

വെറുതെ ഒരു രസത്തിന് തയ്യാറാക്കിയ ഭക്ഷണം കഴിച്ച കൂട്ടുകാര്‍ പക്ഷേ, കലക്കന്‍ കമന്റുകളാണ് കിരണിന് നല്‍കിയത്. കൂട്ടത്തില്‍ പുത്തനൊരു ഐഡിയയും. ഇത് ചെറിയ സ്റ്റാര്‍ട്ടപ്പായി ചെയ്യാവുന്നതാണെന്ന്. അങ്ങനെ ഒരുമിച്ചിരുന്ന് ആലോചിച്ച ശേഷം ഒടുവില്‍ കിരണ്‍ അങ്ങനെ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. 

ആയിരം രൂപ മുതല്‍മുടക്കില്‍ ആയിരുന്നു ആദ്യം സംരംഭം തുടങ്ങിയത്. ബര്‍ഗര്‍, മോമോസ്, ഫ്രൈഡ് ചിക്കന്‍ എന്നിവയാണ് കിരണിന്റെ സ്‌പെഷ്യലുകള്‍. ഓര്‍ഡര്‍ കിട്ടുന്നതിന് അനുസരിച്ച് ഇവ വീട്ടില്‍ വച്ചുതന്നെ തയ്യാറാക്കും. പിന്നീട് കൂട്ടുകാരുടെ സഹായത്തോടെ അത് ഓര്‍ഡര്‍ ചെയ്ത ആളുകളിലേക്ക് വാഹനത്തിലെത്തിക്കും.

ഒരിക്കല്‍ ഭക്ഷണം വാങ്ങിക്കഴിച്ചവര്‍ തന്നെ വീണ്ടും വാങ്ങാനെത്തി. ഇതിനിടെ കൂട്ടുകാരില്‍ ചിലര്‍ കിരണിന്റെ ഭക്ഷണത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലും എഴുതി. അങ്ങനെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ കിരണിന്റെ സംരംഭം വളര്‍ന്നു. 'ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി'യുടെ സര്‍ട്ട്ഫിക്കറ്റോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ദിവസേന 2,000 രൂപയിലധികം വരുമാനമുണ്ട്. 

ചിലരെങ്കിലും കിരണിന്റെ സംരംഭത്തെക്കുറിച്ചറിഞ്ഞപ്പോള്‍ നെറ്റി ചുളിച്ചു. പക്ഷേ ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കുന്നത് നല്ലതല്ലേ എന്നാണ് കിരണിന്റെ ചോദ്യം. അതില്‍ താന്‍ മോശം കരുതുന്നില്ലെന്നും അഭിമാനപൂര്‍വ്വം ഈ യുവസംരംഭകന്‍ പറയുന്നു. എന്തായാലും തങ്ങളുടെ ആശയം വിജയം കണ്ട സന്തോഷത്തിലാണ് കിരണും കൂട്ടുകാരും. ഒട്ടേറെ യുവാക്കള്‍ക്ക് മഹത്തരമായൊരു സന്ദേശവും പ്രചോദനവും കൂടി കിരണും കൂട്ടുകാരും പകര്‍ന്നുനല്‍കുന്നുണ്ട്.

വീഡിയോ കാണാം...

 

നാട്ടിലേക്ക് പോയില്ല; ലോക്ക്ഡൗണിൽ ദുരിതത്തിലായവരുടെ വിശപ്പകറ്റി അതിഥി തൊഴിലാളികളായ സുഹൃത്തുക്കൾ...