ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഓട്ട്‌സ്. എന്നാല്‍ മിക്കവരും എളുപ്പത്തില്‍ തയ്യാറാക്കാം എന്ന ഒരു കാരണം കൊണ്ട് മാത്രമാണ് ഇതിനെ ആശ്രയിക്കാറ് എന്നതാണ് സത്യം. പലര്‍ക്കും എങ്ങനെയെല്ലാമാണ് ഓട്ട്‌സ് നമുക്ക് പ്രയോജനപ്രദമാകുന്നത് എന്നത് അറിയുകയുമില്ല. ഇതാ ഓട്ട്‌സിന്റെ സുപ്രധാനമായ അഞ്ച് ഗുണങ്ങള്‍...

ഒന്ന്...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും തങ്ങളുടെ ഡയറ്റില്‍ ഓട്ട്‌സ് ഉള്‍പ്പെടുത്താറുണ്ട്. അതെ, ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കല്‍ തന്നെയാണ് ഓട്ട്‌സിന്റെ ഒരു ധര്‍മ്മം. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരത്തേക്ക് വിശപ്പ് അറിയിക്കാതെ നമ്മെ നിലനിര്‍ത്തുകയും അതുവഴി അമിതമായി കലോറികള്‍ അകത്തെത്തുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. 

രണ്ട്...

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഓട്ട്‌സ് സഹായകമാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എങ്കില്‍ അതില്‍ സംശയം വേണ്ട. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഓട്ട്‌സ് പ്രയോജനപ്രദമാണ്.

 

 

ഇതുവഴി ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനും ഇത് സഹായിക്കുന്നു. 

മൂന്ന്...

പ്രമേഹമുള്ളവരും ഓട്ട്‌സ് തങ്ങളുടെ ഡയറ്റിലുള്‍പ്പെടുത്താറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്തിച്ചുനിര്‍ത്താന്‍ ഓട്ട്‌സിനുള്ള കഴിവ് മൂലമാണിത്. മാത്രമല്ല, ആരോഗ്യകരമായ ശരീരവണ്ണം കാത്തുസൂക്ഷിക്കുന്നതിലൂടെയും ഓട്ട്‌സ് പ്രമേഹരോഗികള്‍ക്ക് ഗുണകരമാകുന്നുമുണ്ട്. 

നാല്...

തിരക്കുപിടിച്ച ജീവിതരീതികളുടെ ഭാഗമായി ഇന്ന് മിക്കവരും നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങളിലൊന്നാണ് മലബന്ധം. ഈ വിഷമത നേരിടുന്നവര്‍ ഓട്ട്‌സ് പതിവായി കഴിക്കുന്നത് ഏറെ ഫലപ്രദമാണ്. ഓട്ട്‌സിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ഇതിന് സഹായകമാകുന്നത്. 

അഞ്ച്...

ഓട്ട്‌സില്‍ നമ്മുടെ ശരീരത്തിന് അവശ്യം വേണ്ട നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

 

 

കാര്‍ബ്‌സ്, ബീറ്റ-ഗ്ലൂക്കാന്‍, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ്, അയേണ്‍, വിറ്റാമിന്‍- ബി1, ആന്റി ഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവയാണ് പ്രധാന ഘടകങ്ങള്‍.

Also Read:- പച്ചക്കറികള്‍ കഴിക്കാറില്ലേ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്...