തിരുവോണദിനത്തിൽ രുചിയൂറും ബീറ്റ്റൂട്ട് പായസം തയ്യാറാക്കാം. തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം.

വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരവും പോഷകസമ്പന്നവുമായ ഒരു വിഭവമാണ് ബീറ്റ്‌റൂട്ട് പായസം. തിരുവോണദിനത്തിൽ സ്വാദൂറും ബീറ്റ്റൂട്ട് പായസം തയ്യാറാക്കിയാലോ.

വേണ്ട ചേരുവകൾ

  1. തേങ്ങാ ചിരകിയത് പോലെ നേർമയായി ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് - 250 gm

2. വെള്ളം - 2 കപ്പ്

3. പാൽ - 750 ml

4. നെയ്യ് - 3 ടേബിൾസ്പൂൺ

5. പഞ്ചസാര - 1 കപ്പ്

6. കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്

7. ഏലയ്ക്ക പൊടി - 1/3 ടീസ്പൂൺ

8. കശുവണ്ടി - 6 - 8 എണ്ണം

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ടും 2 കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ബീറ്റ്റൂട്ട് നന്നായി സോഫ്റ്റ് ആകണം. വെള്ളം പൂർണമായും വറ്റി കഴിഞ്ഞാൽ അതിലേക്ക് 2 ടേബിൾസ്പൂൺ നെയ്യ് ചേർക്കണം. ബീറ്റ്റൂട്ട് നെയ്യിൽ 2 മിനിറ്റ് നന്നായി വഴറ്റാം. ഇതിലേക്ക് 750 ml പാൽ ഒഴിച്ച് തിളപ്പിക്കണം. ഇടയ്ക്കിടെ ഇളക്കി കൊടുക്കാം, അല്ലെങ്കിൽ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്. പാൽ തിളച്ചു തുടങ്ങുമ്പോൾ 1 കപ്പ് പഞ്ചസാരയും 1/3 ടീസ്പൂൺ ഏലക്കാ പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കണം. പായസം നന്നായി കുറുകി വരുമ്പോൾ 1/2 കപ്പ് കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർത്ത് 2 മിനിറ്റ് കൂടി തിളപ്പിക്കണം. പായസം അധികം കട്ടിയാകാനും, അധികം ലൂസാകാനും പാടില്ല. ബാക്കിയുള്ള 1 ടേബിൾസ്പൂൺ നെയ്യിൽ കശുവണ്ടി മൂപ്പിച്ച് പായസത്തിന് മുകളിൽ ഒഴിക്കാം. രുചിയൂറും ബീറ്റ്റൂട്ട് പായസം റെഡി. ഇത് തണുപ്പിച്ച് കുടിക്കാനും നല്ല രുചിയാണ്.