Asianet News MalayalamAsianet News Malayalam

മാളില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ജീവനുള്ള പല്ലി; വീഡിയോ

മാളിലെ ഫുഡ് കോര്‍ട്ടില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള പല്ലിയെ ലഭിച്ചുവെന്ന വിവരം ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ഒരാള്‍. ഈ വിവരം മാത്രമല്ല, തുടര്‍ന്ന് അദ്ദേഹം പരാതി നല്‍കി ഭക്ഷ്യസുരക്ഷാ വിഭാഗമെത്തി സാമ്പിള്‍ പരിശോധിക്കുന്നതിന്‍റെ വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 
 

lizard found in chole bhature at food court
Author
Chandigarh, First Published Jun 17, 2022, 12:07 AM IST

പണം നല്‍കി ഭക്ഷണം വാങ്ങിക്കുമ്പോള്‍ ഉപഭോക്താവ് അര്‍ഹിക്കുന്ന ഏറ്റവും കുറഞ്ഞ ചില പരിഗണനകളുണ്ട്. അവയിലൊന്നാണ് ശുചിത്വം. രുചിയോ ഗുണമേന്മയോ എല്ലാം ഇതിന് ശേഷമാണ് വരുന്നത്. ശുചിത്വവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഉപഭോക്താവിനെ തീര്‍ച്ചയായും മാനസികമായി ഏറെ ബാധിക്കുന്നതാണ്. 

അതുകൊണ്ടാണ് അത്തരത്തിലുള്ള പരാതികള്‍ പെട്ടെന്ന് തന്നെ ഭക്ഷ്യവകുപ്പുകള്‍ ഏറ്റെടുക്കുന്നതും, റെസ്റ്റോറന്‍റ്/ഹോട്ടല്‍ അധികൃതര്‍ ഭയപ്പെടുന്നതും. ഇത്തരം പരാതികള്‍ സമൂഹമാധ്യമങ്ങളിലും ചുരുങ്ങിയ സമയത്തിനകം തന്നെ ജനശ്രദ്ധ നേടാറുണ്ട്. 

സമാനമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഛണ്ഡീഗഡിലെ ഒരു മാളിലെ ഫുഡ് കോര്‍ട്ടില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള പല്ലിയെ ലഭിച്ചുവെന്ന വിവരം ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ഒരാള്‍. ഈ വിവരം മാത്രമല്ല, തുടര്‍ന്ന് അദ്ദേഹം പരാതി നല്‍കി ഭക്ഷ്യസുരക്ഷാ വിഭാഗമെത്തി സാമ്പിള്‍ പരിശോധിക്കുന്നതിന്‍റെ വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 

രവി റായ് റാണ എന്ന ട്വിറ്റര്‍ യൂസറാണ് തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഛണ്ഡീഗഡിലെ എലാന്‍റെ മാളില്‍ സാഗര്‍ രത്തന്‍ എന്ന പേരിലുള്ള ഫുഡ് കോര്‍ട്ടില്‍ നിന്ന് വാങ്ങിയ ചോളെ ബട്ടൂരെയിലാണ് പല്ലിയെ കണ്ടെത്തിയത്. ചത്തതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ജീവനുള്ള പല്ലിയാണെന്ന് മനസിലാക്കി. 

വൈകാതെ തന്നെ പൊലീസില്‍ ഇക്കാര്യം അറിയിച്ചു. ഉടനെ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി, സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ആണ് രവി റായ് റാണ പങ്കുവച്ചിരിക്കുന്നത്. ഇത്തരം അനുഭവങ്ങളില്‍ പതറാതെ ഇതേ രീതിയില്‍ പെട്ടെന്ന് തന്നെ നടപടികളിലേക്ക് കടക്കണമെന്നും ഇദ്ദേഹം ഒരു മാതൃകയാണെന്നുമാണ് നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. നാള്‍ക്കുനാള്‍ ഭക്ഷ്യസുരക്ഷ കുറ‍ഞ്ഞുവരുന്നതിലുള്ള ആശങ്കയും ഏറെ പേര്‍ പങ്കുവച്ചിരിക്കുന്നു. 

 


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ശീതളപാനീയത്തില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയെന്ന് ഒരു യുവാവ് സമൂഹാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഫോട്ടോ സഹിതമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതുപോലെ തന്നെ ദില്ലിയില്‍ ഓണ്‍ലൈനായി വാങ്ങിയ കാപ്പിയില്‍ നിന്ന് ചിക്കന്‍ കഷ്ണം കിട്ടിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

Also Read:- ശീതളപാനീയത്തിൽ ചത്ത പല്ലി; പരാതിയുമായി യുവാവ്

Follow Us:
Download App:
  • android
  • ios