ചക്ക കൊണ്ട് രുചിയൂറും നാടൻ ഇലയട തയ്യാറാക്കിയാലോ?. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നല്ല തേൻ വരിക്കയുടെ കൊതിപ്പിക്കുന്ന മധുരം ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. വായിൽ രുചിയുടെ കപ്പലോട്ടം നടത്തുന്ന എത്രയെത്ര ചക്ക വിഭവങ്ങൾ..! ചക്ക ചേർത്തുള്ള വിഭവങ്ങളിൽ ഏറ്റവും രുചികരമായത് ചക്ക അടയാണ്. നല്ല സോഫ്റ്റായ ചക്ക ഇലയട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

വേണ്ട ചേരുവകൾ

ചക്കച്ചുള - അരക്കിലോ
വെള്ളം ‌ - അര ഗ്ലാസ്
ശർക്കര നീര് - 300 ഗ്രാം (ശർക്കര അരഗ്ലാസ് വെള്ളത്തിൽ ഉരുക്കിയത്)
നെയ്യ് - ഒരു ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
ഉപ്പ് - കാൽ ടീസ്പൂൺ
തേങ്ങ - അരമുറി
ഗോതമ്പുപൊടി - 300 ഗ്രാം

തയ്യാറാക്കുന്ന വിധം

ചക്കചുളകളെല്ലാം ഒരു പാത്രത്തിലേക്ക് പറിച്ചിട്ട് കുരു എല്ലാം കളഞ്ഞ ശേഷം ഒന്ന് അരിഞ്ഞെടുക്കണം. ഇനി ഇത് വേവിക്കാനായി ഒരു കുക്കറിലേക്ക് ഇട്ടു കൊടുത്തിട്ട് വെള്ളം ഒഴിച്ച് വേവിക്കാനായിട്ട് വയ്ക്കാം. രണ്ട് വിസിൽ വരുന്നതുവരെ ഇത് വേവിച്ചെടുക്കണം. ആവി മുഴുവൻ പോയ ശേഷം തുറന്ന് വെള്ളം വാർന്നു പോകാൻ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഒരു പാനിലേക്ക് ഇത് ഇട്ട ശേഷം ശർക്കര നീര് അരിച്ചൊഴിക്കാം. ഇനി സ്റ്റൗ ഓണാക്കി ചക്കച്ചുള ശർക്കരപ്പാനിയിൽ കിടന്ന് ഒന്ന് കുറുകുന്നതുവരെ വേവിച്ചെടുക്കണം.

കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് നെയ്യ് ചേർത്ത് കൊടുക്കാം. ആവശ്യത്തിന് കുറുകി വന്നാൽ ഇതിലേക്ക് ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് നന്നായിട്ട് ഇളക്കി എടുക്കാം. ഇനി ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം. ഇനി ഇത് മാവ് തയ്യാറാക്കാനുള്ള ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് തേങ്ങ ഒന്ന് മിക്സിയിൽ ചതച്ചെടുത്തത് കൂടി ചേർത്ത് കൊടുക്കാം. ഇനി നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് ഗോതമ്പുപൊടി ചേർത്ത് ഇളക്കി എടുക്കണം. ഇനി അട ഉണ്ടാക്കാൻ ആയിട്ട് തുടങ്ങാം. 

കീറിയെടുത്ത വാഴയില നന്നായി കഴുകിയ ശേഷം കൈ ഒന്ന് വെള്ളത്തിൽ നനച്ചു കൊടുത്തിട്ട് മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ഇലയിൽ വച്ച് നന്നായിട്ട് കനം കുറച്ച് പരത്തിയെടുക്കാം. ഇനി ഇല മടക്കി മാറ്റിവെച്ചിട്ട് ഓരോന്നും ഇതുപോലെ തന്നെ ചെയ്തെടുക്കാം. ഇനി സ്റ്റീമറിൽ ഒരു തട്ട് വച്ച് കൊടുത്ത ശേഷം അതിലേക്ക് ഓരോ അടയും നിരത്തി വെച്ച് കൊടുക്കാം. ഇനി ഇതൊരു 10 മുതൽ 15 മിനിറ്റ് നേരം വരെ ആവിയിൽ വേവിച്ചെടുക്കാം. ചക്ക ഇലയട തയ്യാറായിക്കഴിഞ്ഞു.

നല്ല രുചികരമായ നാടൻ നവര മീൻ കറി ; റെസിപ്പി

ചക്കയട | ഇലയട | Chakkayada |Kerala Traditional Snacks Recipe | Ilayada Recipe | Healthy Snack