പട്ടിയിറച്ചിയുടെ പേരില്‍ എപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാറുള്ള സംസ്ഥാനമാണ് നാഗാലാന്‍ഡ്. പലപ്പോഴും ഇതര സംസ്ഥാനങ്ങളിലെ ഭക്ഷണ സംസ്‌കാരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത രീതി ആയതിനാലാകാം, നാഗാലാന്‍ഡുകാരുടെ 'പട്ടിയിറച്ചി പ്രേമം' ഏറെയും വിമര്‍ശനങ്ങളാണ് നേരിട്ടിരുന്നത്. 

എന്നാലിപ്പോള്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍. ഇനി മുതല്‍ സംസ്ഥാനത്ത് പട്ടിയിറച്ചി വില്‍പന നടത്തേണ്ടെന്നാണ് സര്‍ക്കാരിന്റെ നയം. പാകം ചെയ്തതോ അല്ലാത്തതോ ആയ പട്ടിയിറച്ചി വില്‍ക്കാനാകില്ല, ഇതിനൊപ്പം തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് ഇറച്ചിക്കായി പട്ടികളെ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. 

നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി എംപിയും മൃഗ ക്ഷേമ പ്രവര്‍ത്തകയുമായ മനേക ഗാന്ധിയേയും മുഖ്യമന്ത്രി നെഫ്യൂ റിയോയേയും ടാഗ് ചെയ്താണ് ചീഫ് സെക്രട്ടറിയുടെ ട്വീറ്റ്. 

 

 

വളരെക്കാലമായി നാഗാലാന്‍ഡിനകത്തും പുറത്തും നിന്ന് പട്ടിയിറച്ചി വില്‍പനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ പട്ടിയിറച്ചി ഭക്ഷിക്കുന്ന സംസ്‌കാരത്തെ ചോദ്യം ചെയ്ത് പല കാലങ്ങളിലായി പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്. 

അടുത്തിടെ നാഗാലാന്‍ഡിലെ ഒരു പ്രമുഖ കവി, സമൂഹമാധ്യമങ്ങളെ കേന്ദ്രീകരിച്ച് പട്ടിയിറച്ചിക്കെതിരായ വലിയ തോതില്‍ ബോധവത്കരണം നടത്തിയിരുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെ പട്ടിയിറച്ചി നിരോധനത്തിനായി സര്‍ക്കാരിന് അപേക്ഷയും സമര്‍പ്പിച്ചിരുന്നു. അതേസമയം പട്ടിയിറച്ചി വിലക്കുകയല്ല വേണ്ടത്, മറിച്ച് ഇറച്ചിക്ക് വേണ്ടി പട്ടികളെ ക്രൂരമായി കൈകാര്യം ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത് എന്ന വാദവുമായി ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണം എന്നത് അഭിരുചിയാണെന്നും അതിൽ കൈ കടത്തുകയല്ല സർക്കാർ ചെയ്യേണ്ടത്, പകരം പുരോഗമനകരമായതും നീതിപൂർവ്വവുമായ നയം സ്വീകരിക്കുകയാണ് വേണ്ടതെന്നും ഇവർ വാദിക്കുന്നു.

Also Read:- 'പട്ടിയിറച്ചി ഇനി കിട്ടില്ല'; ഇറച്ചിക്കായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടിക പുറത്തു വിട്ട് ചൈനീസ് സർക്കാർ...