ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

അമിതവണ്ണം നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. 

ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ബെറി പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പകുതി കപ്പ് ബ്ലൂബെറി, സ്ട്രോബെറി, റാസബെറി തുടങ്ങിയവയില്‍ 32 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും. 

രണ്ട്...

വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്കയും കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. 100 ഗ്രാം വെള്ളരിക്കയില്‍ 15 കലോറി മാത്രമാണുള്ളത്. അതിനാല്‍ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് നല്ലതാണ്. 

മൂന്ന്...

ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ക്യാരറ്റില്‍ 41 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, കെ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

നാല്...

ബ്രൊക്കോളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. കൂടാതെ വിറ്റാമിന്‍ എ, സി, അയേണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയും ഇതിലടങ്ങിയിരിക്കുന്നു. 

അഞ്ച്...

ആപ്പിൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ആപ്പിളില്‍ 50 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കും. അതിലൂടെ കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയാന്‍ കഴിയും. അതുവഴി ശരീരഭാരവും നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും. 

ആറ്...

തക്കാളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. 100 ഗ്രാം തക്കാളിയില്‍ 19 കലോറിയാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിന്‍ സിയും ഫൈറ്റോന്യൂട്രിയന്‍റസും ധാരാളമുള്ള തക്കാളി ഒരു ഫാറ്റ് കില്ലര്‍ കൂടിയാണ്. ഫൈറ്റോന്യൂട്രിയന്റ്സ് ഒരു ആന്‍റി ഓക്സിഡന്‍റ് കൂടിയാണ്. ഇത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...