ദേശീയ വനിതാശിശുവികസന മന്ത്രാലയത്തിന്റെ ആഹ്വാന പ്രകാരം 2020 സെപ്റ്റംബർ ഒന്ന് മുതല്‍ ഏഴുവരെ ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. ഒരു ആരോഗ്യപരമായ ജീവിതത്തിന് പോഷകം വളരെ അത്യാവശ്യ ഘടകമാണ്. 

അമിതവണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ പലപ്പോഴും പോഷകാഹാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കാറില്ല. അത് ഭാവിയില്‍ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

ഒന്ന്... 

ഫൈബറാണ് ഒന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാന്‍ കഴിയും എന്നുമാത്രമല്ല നിരവധി പോഷകഗുണങ്ങളുള്ള ഇവ ആരോഗ്യത്തിനും നല്ലതാണ്. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ഒപ്പം ഇവ രക്തത്തിലെ ഹാനികരമായ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദയാഘാതം താരതമ്യേന കുറവായാണ് കാണുന്നത് എന്നും വിദഗ്ധര്‍ പറയുന്നു. പ്രമേഹരോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍. നാരുകളുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. അതിനാല്‍ നാരുകള്‍ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഓട്സും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

 

രണ്ട്...

പ്രോട്ടീനും ശരീരത്തിന് ആവശ്യമായ ഒന്നാണ്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ്, ബീന്‍സ്, സോയ, പാല്‍, മുട്ട, മത്സ്യം, ചിക്കന്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

കാര്‍ബോഹൈട്രേറ്റും ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നവയാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മിതമായ അളവില്‍ മാത്രം  ചോറ് പോലുള്ള കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

നാല്...

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. അതിനാല്‍ ഇവ ധാരാളം അടങ്ങിയ ഫ്ലക്സ് സീഡും, വാള്‍നട്സുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

വിറ്റാമിന്‍ എ, ബി, സി, ഡി, ഇ എന്നിവ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളാണ്. ഇവയുടെ കുറവ് ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങളെയും ബാധിക്കാം. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ക്യാരറ്റ്, മറ്റ് പച്ചക്കറികള്‍, ഇലക്കറികള്‍, മുട്ട എന്നിവയും വിറ്റാമിന്‍ ബി അടങ്ങിയ ഏത്തപ്പഴവും മറ്റ് പഴങ്ങളും പാലും, വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, പേരയ്ക്ക എന്നിവയും വിറ്റാമിന്‍ ഡി അടങ്ങിയ ചീസും മഷ്റൂമും ഇ അടങ്ങിയ ബദാമും മറ്റ് നട്സുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ വേണം ഈ വിറ്റാമിന്‍; പഠനം...