നഗരങ്ങളിലാണെങ്കില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി കൃത്യസമയത്ത് നടക്കുന്നതിന് ചില സമയങ്ങളിലെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. കാലാവസ്ഥ, ട്രാഫിക് എന്നീ കാരണങ്ങള്‍ തന്നയാണ് പ്രശ്നമായി വരാറ്. അതിനാല്‍ തന്നെ ഭക്ഷണം അല്‍പം വൈകിയാലും ക്ഷമയോടെ കാത്തിരിക്കാൻ മിക്ക ഉപഭോക്താക്കളും ശീലിക്കാറുണ്ട്.

ഇന്ന് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി മിക്ക രാജ്യങ്ങളിലും സജീവമാണ്. പ്രത്യേകിച്ച് നഗരങ്ങളിലാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി കാര്യമായി നടക്കുന്നത്. കാരണം, ജോലി മൂലം തിരക്കിട്ട ജീവിതം നയിക്കുന്നവര്‍ ഏറെയും നഗരങ്ങളിലാണല്ലോ ഉള്ളത്. 

നഗരങ്ങളിലാണെങ്കില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി കൃത്യസമയത്ത് നടക്കുന്നതിന് ചില സമയങ്ങളിലെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. കാലാവസ്ഥ, ട്രാഫിക് എന്നീ കാരണങ്ങള്‍ തന്നയാണ് പ്രശ്നമായി വരാറ്. അതിനാല്‍ തന്നെ ഭക്ഷണം അല്‍പം വൈകിയാലും ക്ഷമയോടെ കാത്തിരിക്കാൻ മിക്ക ഉപഭോക്താക്കളും ശീലിക്കാറുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ക്ഷമയോടെ കാത്തുനിന്നിട്ടും ഭക്ഷണം എത്തിയില്ലെങ്കിലോ? അത് തീര്‍ച്ചയായും ഫുഡ് ഡെലിവെറി ആപ്പിന്‍റെയോ, ഡെലിവെറി ഏജന്‍റിന്‍റെയോ എല്ലാം നിരുത്തരവാദിത്തം തന്നെയാണ്. ഇതിനെതിരെ പരാതിപ്പെടാൻ ഉപഭോക്താവിന് എല്ലാവിധ അവകാശങ്ങളുമുണ്ട്. 

യുകെയില്‍ നിന്നുള്ള സമാനമായൊരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന് മാത്രമല്ല, ഡെലിവെറി ഏജന്‍റിന്‍റെ ഭാഗത്ത് നിന്ന് വിചിത്രമായ പെരുമാറ്റം നേരിടേണ്ടിയും വന്നിരിക്കുകയാണ്. 

ലിയാം ബഗ്നല്‍ എന്നയാള്‍ക്കാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. ഡെലിവെറോ എന്ന ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഇദ്ദേഹത്തിന് സമയം അതിക്രമിച്ചിട്ടും ഭക്ഷണം കിട്ടിയില്ല. ഒടുവില്‍ ഡെലിവെറി ഏജന്‍റിന്‍റെ ഒരു മെസേജാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 

ആദ്യം 'സോറി' എന്ന് മാത്രമായിരുന്നു ഡെലിവെറി ഏജന്‍റ് മെസേജ് ആയി അയച്ചത്. എന്താണ് സംഭവിച്ചത് എന്ന് ലിയാം തിരിച്ചുചോദിച്ചപ്പോള്‍, താങ്കളുടെ ഭക്ഷണം വളരെ രുചികരമായതിനാല്‍ ഞാനത് കഴിച്ചു, താങ്കള്‍ക്ക് ഇത് കമ്പനിയോട് പരാതിപ്പെടാം എന്നായിരുന്നു മറുപടി. ഇത് കണ്ടതോടെ അത്ഭുതവും രോഷവും കലര്‍ന്ന രീതിയില്‍ ലിയാം വീണ്ടും ഇദ്ദേഹത്തിന് മെസേജ് അയച്ചു. താങ്കളൊരു വിരുതനായ ആള്‍ തന്നെ എന്നായിരുന്നു അയച്ചത്. ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല എന്നായിരുന്നു അതിന് കിട്ടിയ മറുപടി.

ഡെലിവെറി ഏജന്‍റുമായുള്ള ഈ ചാറ്റിന്‍റെ സ്ക്രീൻഷോട്ട് അടക്കം സംഭവം ട്വിറ്ററിലൂടെയാണ് ലിയാം പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ ട്വീറ്റ് വൈറലായി. ഇതോടെ ഖേദം പ്രകടിപ്പിച്ച് ഡെലിവെറോ കമ്പനി രംഗത്തത്തി. ലിയാമിന് ഇവര്‍ വീണ്ടും ഭക്ഷണം എത്തിച്ചുനല്‍കി. നേരിട്ട മോശം പെരുമാറ്റത്തിന്‍റെ പേരില്‍ പരിഹാരമെന്നോണം ചില ഓഫറുകളും ഇവര്‍ ലിയാമിന് നല്‍കിയിട്ടുണ്ട്. ഡെലിവെറി ഏജന്‍റിനെ കുറിച്ച് അന്വേഷിക്കുമെന്നും ഇത്തരം പ്രവണതകള്‍ തങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇവര്‍ തുടര്‍ന്ന് അറിയിച്ചു.

എങ്ങനെയാണ് ഒരു ഡെലിവെറി ഏജന്‍റ് ഇത്തരത്തില്‍ പെരുമാറുകയെന്നതാണ് ഏവരുടെയും സംശയം. സംഭവം അല്‍പം വിചിത്രം തന്നെയാണെന്നും ഏവരും അഭിപ്രായപ്പെടുന്നു. 

Scroll to load tweet…

Also Read:- സൊമാറ്റോയില്‍ നിന്നുള്ള അനുഭവം കമന്‍റ് ചെയ്ത് യുവതി; സംഭവം 'മുക്കാൻ ശ്രമം' എന്ന് ആരോപണം