കൊവിഡ് 19ന്റെ വരവോട് കൂടി ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് തെരുവിലായവര്‍ നിരവധിയാണ്. സാമ്പത്തികമായി തകര്‍ന്നടിഞ്ഞതോടെ പട്ടിണിയിലായവര്‍ വരെയുണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍. അത്തരത്തില്‍ ദാരുണമായി കഴിയുന്ന ഒരു ജനതയെ കുറിച്ചാണ് മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

കൊവിഡിന് മുമ്പ് തന്നെ ഭീകരമായ തോതില്‍ ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരു വലിയ വിഭാഗം ജനതയുണ്ട് മ്യാന്‍മറില്‍. കൊവിഡ് കൂടി കടന്നുവന്നതോടെ ഇവരുടെ അവസ്ഥ പൂര്‍വ്വാധികം മോശമായി. ദിവസക്കൂലി കൊണ്ട് ജിവിച്ചുപോയിരുന്ന മറ്റൊരു വലിയ വിഭാഗം ആളുകള്‍ കൂടി സമാനമായ അവസ്ഥകളിലേക്ക് എടുത്തെറിയപ്പെട്ടു. 

പലയിടങ്ങളിലും രാത്രിയില്‍ വിളക്ക് കത്തിച്ചുവച്ച് ഓടകളില്‍ നിന്നും പൊത്തുകളില്‍ നിന്നുമൊക്കെയായി എലികളെയും പാമ്പുകളെയും പിടിച്ച് അവയെ വേവിച്ച് കഴിച്ചാണ് മിക്ക കുടുംബങ്ങളും ജീവന്‍ പിടിച്ചുനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിലരാകട്ടെ, തങ്ങള്‍ പിടികൂടുന്ന ഇത്തരത്തിലുള്ള ചെറു ജീവികളെ തെരുവുകളില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നു. 

നഗരങ്ങളോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളിലാകട്ടെ കുട്ടികളും സ്ത്രീകളുമടങ്ങുന്ന വലിയ കുടുംബങ്ങളില്‍ പലതും മുഴുപ്പട്ടിണിയിലാണ്. അവര്‍ക്ക് നേരത്തേ സൂചിപ്പിച്ച തരത്തില്‍ എലികളെയോ പാമ്പുകളെയോ ഒന്നും പിടികൂടി ഭക്ഷണമാക്കാനുള്ള സാഹചര്യവുമില്ല, ആ പതിവ് അവരുടെ ജിവിതത്തിന്റെ ഭാഗവും അല്ല. എന്നാല്‍ ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ പതിവുകളെല്ലാം ഭേദിച്ച് പുരാതനമായ ഭക്ഷണ സംസ്‌കാരത്തിലേക്ക് ഇവര്‍ക്കും നീങ്ങേണ്ടിവരുമെന്നാണ് സാമൂഹ്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

സര്‍ക്കാരും അവരുടെ പ്രതിനിധികളും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് സഹായങ്ങളെത്തിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് അര്‍ഹിക്കുന്ന സഹായം ലഭ്യമായിട്ടില്ലെന്നാണ് മ്യാന്‍മറില്‍ ദുരിതമനുഭവിക്കുന്ന മിക്ക കുടുംബങ്ങളും പറയുന്നത്. എല്ലാവരേയും പരിരക്ഷിക്കാന്‍ സര്‍ക്കാരിനാകില്ലെന്ന് സര്‍ക്കാരും പരോക്ഷമായി സമ്മതിക്കുന്നുണ്ട്. 

ചെറിയ കച്ചവടങ്ങളും മറ്റും ചെയ്ത് ജീവിച്ചിരുന്നവര്‍ അതിനായി ഉപയോഗിച്ചിരുന്ന സ്റ്റാളുകളും പാത്രങ്ങളും വിളക്കുകളുമുള്‍പ്പെടെ എല്ലാം ഇതിനോടകം വിറ്റുകഴിഞ്ഞു. ഇനിയൊന്നും വില്‍ക്കാനില്ലെന്ന അവസ്ഥയില്‍ കുട്ടികളുടെ ദയനീമയമായ മുഖങ്ങള്‍ നോക്കി നിസഹായതോടെ നില്‍ക്കുകയാണ് ഇവര്‍. കൊവിഡ് 19 ഒരു ആരോഗ്യ പ്രതിസന്ധി എന്നതിലപ്പുറം എത്തരത്തിലാണ് ഒരു സമൂഹത്തെ ആകെയും തകര്‍ത്തുകളയുന്നത് എന്നതിന് ഉദാഹരണമാവുകയാണ് മ്യാന്‍മറിലെ ഈ ദുരവസ്ഥ.  

Also Read:- നാഗാലാന്‍ഡില്‍ പട്ടിയിറച്ചിക്ക് വിലക്ക്; ശ്രദ്ധേയമായ തീരുമാനവുമായി സര്‍ക്കാര്‍...