കറ്റാര്‍വാഴയുടെ പലവിധ ഗുണങ്ങളെ കുറിച്ച് നിങ്ങളൊരുപാട് കേട്ടിരിക്കും. മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ തിളക്കത്തിനുമെല്ലാം കറ്റാര്‍വാഴ പതിവായി ഉപയോഗിക്കുന്നവരും നിരവധിയാണ്. ശരീരത്തിന് പുറത്ത് മാത്രമല്ല, ശരീരത്തിനകത്തേക്ക് വേണ്ട പോഷകങ്ങള്‍ക്കും കറ്റാര്‍വാഴ വളരെ ഉത്തമമാണ്. 

96 ശതമാനം വെള്ളമടങ്ങിയിരിക്കുന്ന കറ്റാര്‍വാഴ, വിറ്റാമിന്‍, ധാതുക്കള്‍, അമിനോ ആസിഡ്, എന്‍സൈമുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്. ദഹനപ്രവര്‍ത്തനങ്ങളെ പുഷ്ടിപ്പെടുത്താനും ഇതുവഴി വണ്ണം കുറയ്ക്കുന്നതിന് സഹായകമാകാനും കറ്റാര്‍വാഴയ്ക്കാകും. അതിനാല്‍ തന്നെ ചിലരെങ്കിലും കറ്റാര്‍വാഴ ജ്യൂസ് പരുവത്തിലാക്കി കഴിക്കാനും ശ്രദ്ധിക്കാറുണ്ട്. 

എന്നാല്‍ ജ്യൂസ് മാത്രമല്ല, കറ്റാര്‍വാഴ കൊണ്ട് വേറെയും വിഭവങ്ങള്‍ തയ്യാറാക്കുക സാധ്യമാണ്. അത്തരത്തില്‍ വ്യത്യസ്തമായൊരു കറ്റാര്‍ വാഴ വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കറ്റാര്‍വാഴയും തൈരുമാണ് ഇതിന് വേണ്ടുന്ന പ്രധാന ചേരുവകള്‍. ഇതിന് പുറമെ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന സ്‌പൈസുകളാണ് ആവശ്യമായി വരുന്നത്. 

ചേരുവകള്‍

കറ്റാര്‍വാഴ- രണ്ട് ഇല
തൈര്  - ഒരു കപ്പ്
കശ്മീരി മുളകുപൊടി  - ഒടു ടീസ്പൂണ്‍
ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി  - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി   -  അര ടീസ്പൂണ്‍
ഇഞ്ചി ഗ്രേറ്റ് ചെയ്തത്   -  2 ടീസ്പൂണ്‍
ജീരകം  - അര ടീസ്പൂണ്‍
ഗരം മസാല  - അര ടീസ്പൂണ്‍
കുക്കിംഗ് ഓയില്‍ (ഏതും എടുക്കാം )  - ഒടു ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക്  - രണ്ടെണ്ണം
ഉപ്പ്  - ആവശ്യത്തിന്
പഞ്ചസാര   - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കറ്റാര്‍വാഴ നന്നായി കഴുകി വൃത്തിയാക്കി (തൊലി കളയേണ്ടതില്ല ) ക്യൂബ് പരുവത്തില്‍ കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിക്കുക. രണ്ട് വിസിലോട് കൂടിത്തന്നെ വേവ് ശരിയായിക്കിട്ടും. ഇനി ഒരു പാത്രത്തില്‍ തൈരെടുത്ത് അതിലേക്ക് ജീരകപ്പൊടിയും, കശ്മീരി മുളകുപൊടിയും, മല്ലിപ്പൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. തൈര് കട്ടിയായി കിടക്കരുത്. 

കറിച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് ഓയില്‍ പകര്‍ന്ന ശേഷം അതിലേക്ക് ചുവന്ന മുളക്, ജീരകം, ഇഞ്ചി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇവ ഒന്ന് മൂത്തുവരുമ്പോള്‍ വേവിച്ചുവച്ചിരിക്കുന്ന കറ്റാര്‍വാഴയും ഉപ്പും പഞ്ചസാരയും കൂടെ ചേര്‍ത്തിളക്കാം. എല്ലാം ഒരുമിച്ച് ചേര്‍ന്ന് പാകമായി വരുമ്പോള്‍ മസാല ചേര്‍ത്തുവച്ച തൈരും ചേര്‍ക്കാം. ഓര്‍ക്കുക, തൈരൊഴിച്ച ശേഷം കറി തിളപ്പിക്കരുത്. അവസാനമായി ഇതിലേക്ക് ഗരം മസാല പൊടി കൂടി വിതറിയിട്ടാല്‍ കറി, റെഡി. ഇത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഏറെ സഹായകമായൊരു കറിയാണ്.

Also Read:- മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ജെൽ ഉപയോ​ഗിക്കൂ...