ഒരു രാത്രിയിൽ കോടികളുടെ വരുമാനമുള്ള 'ബാസ്റ്റ്യൻ അറ്റ് ദ ടോപ്പ്' റെസ്റ്റോറന്‍റ്. ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ബാസ്റ്റ്യൻ റെസ്റ്റോറന്‍റിന്‍റെ സവിശേഷതകൾ ആരെയും അത്ഭുതപ്പെടുത്തും. 

മുംബൈ: സിനിമാ താരങ്ങള്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതും റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ചുവടുവെക്കുന്നതും പുതിയ കാര്യമല്ല. എന്നാല്‍ ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ 'ബാസ്റ്റ്യൻ അറ്റ് ദ ടോപ്പ്' റെസ്റ്റോറന്‍റ് അതിന്‍റെ അതിശയിപ്പിക്കുന്ന വരുമാനം കൊണ്ട് വാർത്തകളിൽ നിറയുകയാണ്. ദാദറിലെ കോഹിനൂർ സ്‌ക്വയറിന്റെ 48-ാം നിലയിൽ സ്ഥിതി ചെയ്യുന്ന ഈ റെസ്റ്റോറന്‍റ് ഒരു രാത്രിയിൽ മാത്രം നേടുന്നത് 2 മുതൽ 3 കോടി രൂപ വരെയാണെന്നാണ് പ്രശസ്ത എഴുത്തുകാരി ശോഭ ഡെ വെളിപ്പെടുത്തിയിരിക്കുന്നത്.

മാധ്യമപ്രവർത്തകയായ ബർഖ ദത്തുമായുള്ള അഭിമുഖത്തിനിടയിലാണ് ശോഭ ഡെ ഈ റെസ്റ്റോറന്‍റിന്‍റെ കാര്യം പരാമർശിച്ചത്. സാധാരണ ദിവസങ്ങളിൽ ഏകദേശം 2 കോടി രൂപയും വാരാന്ത്യങ്ങളിൽ 3 കോടി രൂപയ്ക്ക് മുകളിലുമാണ് റെസ്റ്റോറന്റിലെ വരുമാനം.

1,400 പേർക്ക് ഇരിപ്പിടം

രണ്ട് ഡിന്നർ സീറ്റിങ്ങുകളിലായി എല്ലാ രാത്രിയിലും ഏകദേശം 1,400 അതിഥികൾക്ക് റെസ്റ്റോറന്‍റ് സേവനം നൽകുന്നുണ്ടെന്നും ശോഭാ ഡേ പറഞ്ഞു. 700 പേർക്ക് വീതം രണ്ട് സീറ്റിങ്ങുകളാണുള്ളത്. എങ്കിലും പുറത്ത് വലിയ ക്യൂ തന്നെ ഉണ്ടാകാറുണ്ട്. അത്ര തിരക്കാണ് ഈ റെസ്റ്റോറന്‍റിൽ.

റൂഫ്‌ടോപ്പ് പൂൾ, അതിഗംഭീരമായ ഇന്റീരിയറുകൾ എന്നിവയെല്ലാം ഈ റെസ്റ്റോറന്‍റിന്‍റെ പ്രത്യേകതയാണ്. 2023ലാണ് ഈ റെസ്റ്റോറന്‍റ് തുറന്നത്. പിന്നീട് സെലിബ്രിറ്റികളുടെയും അതിസമ്പന്നരുടെയും ഇഷ്ട കേന്ദ്രമായി ബാസ്റ്റ്യൻ മാറി. ലംബോർഗിനിയും ആസ്റ്റൺ മാർട്ടിനും പോലുള്ള വിലകൂടിയ കാറുകളിലാണ് അതിഥികൾ ഇവിടെയെത്തുന്നത്. ഒരു ടേബിളിൽ ഇരിക്കുന്നവർ മാത്രം ഒരു രാത്രി ലക്ഷക്കണക്കിന് രൂപ മദ്യത്തിനും ഭക്ഷണത്തിനുമായി ചിലവഴിക്കുന്നു.

50 ശതമാനം ഓഹരി

2019-ൽ ബാസ്റ്റ്യൻ ബ്രാൻഡിന്റെ സ്ഥാപകനായ പ്രമുഖ റെസ്റ്റോറേറ്റർ രഞ്ജിത് ബിന്ദ്രയുമായി ശിൽപ ഷെട്ടി പങ്കാളിത്തത്തിൽ ഏർപ്പെടുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ ഒന്നിലധികം ഔട്ട്‌ലെറ്റുകളുടെ സഹ-ഉടമയാണ് ശിൽപ. ഒപ്പം ബ്രാൻഡിൽ 50 ശതമാനം ഓഹരിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുംബൈയ്ക്ക് പുറമെ ഗോവയിലും നിലവിൽ ബാസ്റ്റ്യൻ ശാഖ തുറന്നിട്ടുണ്ട്. ഇതുകൂടാതെ 'വിക്കഡ് ഗുഡ്' എന്ന പേരിൽ ശില്പ ഷെട്ടിക്ക് പങ്കാളിത്തമുള്ള ഫുഡ് ബ്രാൻഡ് കഴിഞ്ഞ വർഷം 20 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു. അതേസമയം മുംബൈയിലെ ബാന്ദ്രയിലെ ബാസ്റ്റ്യൻ ഔട്ട്ലെറ്റ് അടച്ചുപൂട്ടുകയും, അതിന് പകരമായി 'അമ്മക്കൈ'എന്ന പേരിൽ ഒരു ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് അതേ സ്ഥലത്ത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.