ചില ചായകള്‍, രുചിയുടെ വ്യത്യസ്തത മാത്രമല്ല നമുക്ക് നല്‍കുന്നത്. അത് ആരോഗ്യത്തിനും ഒരുപിടി ഗുണങ്ങള്‍ നല്‍കാറുണ്ട്. അത്തരത്തിലൊരു ചായയാണ് ലെമണ്‍ ടീ, അഥവാ നാരങ്ങച്ചായ. പല രീതിയിലാണ് ആളുകള്‍ ലെമണ്‍ ടീ തയ്യാറാക്കാറ്. ഏറ്റവും 'ഹെല്‍ത്തി' ആയ ഒരു രീതി ഇവിടെ പങ്കുവയ്ക്കാം

കേരളത്തില്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ മഴയുടെ വൈകുന്നേരങ്ങളാണ്. വൈകുന്നേരങ്ങളില്‍ ഒരു കപ്പ് ചായ പതിവുള്ളവര്‍ക്കെല്ലാം മഴയുടെ അകമ്പടി ഒന്നുകൂടി സന്തോഷമേകുന്നതാണ്. മിക്കവാറും പാലൊഴിച്ച ചായയോ അതല്ലെങ്കില്‍ സാധാരണ കട്ടനോ ആണ് നമ്മള്‍ വൈകുന്നേരങ്ങളില്‍ തയ്യാറാക്കാറ്, അല്ലേ? 

ചിലരാകട്ടെ എപ്പോഴും ചായയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടാറുണ്ട്. എങ്കിലും അധികം പേര്‍ക്കും ചായ, ശീലങ്ങളുടെ ഭാഗമാണ്. അതിനാല്‍ തന്നെ വലിയ പരീക്ഷണങ്ങള്‍ ചായയില്‍ നടത്തുന്നത് അവര്‍ക്ക് താല്‍പര്യവും കാണില്ല. 

എന്നാലും ചില ചായകള്‍, രുചിയുടെ വ്യത്യസ്തത മാത്രമല്ല നമുക്ക് നല്‍കുന്നത്. അത് ആരോഗ്യത്തിനും ഒരുപിടി ഗുണങ്ങള്‍ നല്‍കാറുണ്ട്. അത്തരത്തിലൊരു ചായയാണ് ലെമണ്‍ ടീ, അഥവാ നാരങ്ങച്ചായ. പല രീതിയിലാണ് ആളുകള്‍ ലെമണ്‍ ടീ തയ്യാറാക്കാറ്. ഏറ്റവും 'ഹെല്‍ത്തി' ആയ ഒരു രീതി ഇവിടെ പങ്കുവയ്ക്കാം. 

സാധാരണ പോലെ തന്നെ വെള്ളം തിളപ്പിച്ച ചായപ്പൊടിയോ, ഗ്രീന്‍ ടീയോ ചേര്‍ക്കുക. വാങ്ങിവച്ച ശേഷം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇനി ഇതിലേക്ക് പഞ്ചസാരയ്ക്ക് പകരം കരിപ്പെട്ടിയോ, തേനോ ചേര്‍ക്കാം. അതോടൊപ്പം തന്നെ ഒരു നുള്ള് ബ്ലാക്ക് സോള്‍ട്ട്, ഇഞ്ചി പൊടിച്ചത് (അല്ലെങ്കില്‍ ചതച്ചത്) എന്നിവയും ചേര്‍ക്കാം. രുചിക്കും ഗുണങ്ങള്‍ക്കും ഒരുപോലെ ഗ്യാരണ്ടിയാണ് ഈ ചായ. 

ഇനി ഇതിന്റെ പ്രധാനപ്പെട്ട ചില ഗുണങ്ങള്‍ കൂടി ഒന്ന് മനസിലാക്കിവയ്ക്കാം. വൈറ്റമിന്‍-സി, വൈറ്റമിന്‍ ബി-6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫ്‌ളേവനോയിഡ്‌സ്, ആന്റി-ഓക്‌സിഡന്റ്‌സ് എന്നിങ്ങനെ ധാരാളം അവശ്യഘടകങ്ങളുടെ കലവറയാണ് ചെറുനാരങ്ങ. ശരീരത്തിലെ വിഷാംശം പുറത്തുകളയാനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, വണ്ണം കുറയ്ക്കാനുമെല്ലാം ഒരുപോലെ സഹായകമാണ് നാരങ്ങച്ചായ. 

Also Read:- ചർമ്മത്തിന് ആരോഗ്യവും തിളക്കവും ലഭിക്കാൻ ഈ രണ്ട് ചേരുവകൾ മാത്രം മതി; വീഡിയോയുമായി ലക്ഷ്മി നായർ...

ഇതിലേക്ക് ചേര്‍ക്കുന്നത് സാധാരണ ചായപ്പൊടിയോ ഗ്രീന്‍ ടീയോ ആകട്ടെ, രണ്ടും ആന്റി-ഓക്‌സിഡന്റുകളുടെ നല്ലൊരു സ്രോതസ്സാണ്. ഇത് പ്രതിരോധശക്തിയെ ശക്തിപ്പെടുത്താന്‍ വളരെയധികം പ്രയോജനപ്രദമാണ്. ഇനി ഇതിലേക്ക് അവസാനമായി ചേര്‍ക്കുന്ന ബ്ലാക്ക് സോള്‍ട്ടോ, ഇഞ്ചിയോ, തേനോ ശര്‍ക്കരയോ ആകട്ടെ എല്ലാം രുചിക്കൊപ്പം തന്നെ പ്രതിരോധശേഷി അടക്കമുള്ള ആരോഗ്യഗുണങ്ങളും ഉറപ്പുവരുത്തുന്നതാണ്. അപ്പോള്‍ ഇനി, ഇടയ്ക്ക് അല്‍പം നാരങ്ങച്ചായയും ആകാവുന്നതാണ്, അല്ലേ? 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona