Asianet News MalayalamAsianet News Malayalam

Easy Recipe : നുറുക്ക് ഗോതമ്പ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു വിഭവം...

നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

sooji can use to make tasty sandwich
Author
First Published Oct 14, 2022, 9:10 AM IST

നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്.

ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല.

എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം.

ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി.

നുറുക്ക് ഗോതമ്പിന് പുറമെ തൈര്, ക്യാപ്സിക്കം, തക്കാളി, സ്വീറ്റ് കോണ്‍, ഉള്ളി, ചില്ലി ഫ്ളേക്സ്, ഒറിഗാനോ, ഫ്രൂട്ട് സാള്‍ട്ട്, ഉപ്പ് എന്നിവയാണ് ആവശ്യമായി വരുന്ന ചേരുവകള്‍. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. 

ആദ്യം ചേരുവകളെല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കണം. ഇതിനായി നുറുക്ക് ഗോതമ്പും തൈരും ആദ്യം ചേര്‍ക്കാം. അല്‍പം കട്ടിയായി വേണം ഇവ യോജിപ്പിച്ചെടുക്കാൻ. ഇനിയിതിലേക്ക് തക്കാളി, സ്വീറ്റ് കോണ്‍, ഉള്ളി, ക്യാപ്സിക്കം എന്നിവയെല്ലാം ചേര്‍ത്ത് വെള്ളവും ചേര്‍ത്ത് അധികം ലൂസാകാത്ത മാവായി കലക്കിയെടുക്കണം. 

ഇനിയിതില്‍ ഉപ്പ്, ചില്ലി ഫ്ളേക്സ്, ഒറിഗാനോ എന്നിവ കൂടി ചേര്‍ത്തുകൊടുക്കുക. എല്ലാം നന്നായി യോജിപ്പിച്ച ശേഷം അഞ്ച് മിനുറ്റ് മാറ്റിവയ്ക്കുക. ശേഷം ഫ്രൂട്ട് സാള്‍ട്ട് കൂടി ചേര്‍ത്ത് യോജിപ്പിക്കണം. 

ഇനിയൊരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കി ഇതിലേക്ക് എണ്ണ പകര്‍ന്ന ശേഷം മാവ് ചതുരത്തില്‍ അല്‍പം കട്ടിയായി പരത്തിയെടുക്കണം. രണ്ട് ഭാഗവും നന്നായി വെന്ത് വരുമ്പോള്‍ വാങ്ങിയെടുത്ത് ക്രോസ് ആയി മുറിച്ചെടുക്കാം. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള സാൻഡ്‍വിച്ച് റെഡി. നല്ലൊരു ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ആയും സ്നാക്ക് ആയുമെല്ലാം ഇത് തയ്യാറാക്കാവുന്നതാണ്. 

Also Read:- ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഒപ്പം ഒരുപോലെ കഴിക്കാവുന്ന കിടിലനൊരു കറി

Follow Us:
Download App:
  • android
  • ios