ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കട്‌ലറ്റ് റെസിപ്പികള്‍. ഇന്ന് ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

സോയ ചങ്ക്‌സ് കൊണ്ടൊരു കിടിലൻ കട്​ലറ്റ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

സോയ ചങ്ക്സ് -150 ഗ്രാം

ക്യാരറ്റ് -100ഗ്രാം

ഉരുളക്കിഴങ്ങ് - 100ഗ്രാം

ഉള്ളി അരിഞ്ഞത് - 50 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ

മല്ലിയില അരിഞ്ഞത് - 3-4 ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ

ജീരകപ്പൊടി -1/2 ടീസ്പൂൺ

ഗരംമസാല -1 ടേബിൾ സ്പൂൺ

തരുതരുപ്പായി പൊടിച്ച കുരുമുളക് -2 ടേബിൾ സ്പൂൺ

കോൺഫ്ലവർ -5 ടേബിൾ സ്പൂൺ

റിഫൈൻഡ് ഓയിൽ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സോയ ചങ്ക്സ് ഇരുപതു മിനിറ്റ് തിളച്ച വെള്ളത്തിൽ കുതിർത്തു വയ്ക്കുക. കുതിർന്ന സോയയിൽ നിന്നും വെള്ളം മുഴുവനും പിഴിഞ്ഞ് കളഞ്ഞ് തരുതരുപ്പായി അരച്ചുവയ്ക്കുക. ഇനി ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ച് തൊലി കളഞ്ഞ് പൊടിച്ചു വയ്ക്കുക. ശേഷം ക്യാരറ്റ് തൊലി കളഞ്ഞു ഗ്രേറ്റു ചെയ്തു വയ്ക്കുക. ഇനി എണ്ണ ഒഴികെയുള്ള എല്ലാ സാധനങ്ങളും ഒന്നിച്ചാക്കി നന്നായി ഇളക്കി യോജിപ്പിച്ച് കുഴച്ചു വയ്ക്കുക. ശേഷം ചെറുതായി ഉരുട്ടി ഇഷ്ടമുള്ള ഷേപ്പിൽ ആക്കി വയ്ക്കുക. ഇനി കുക്കി കട്ടർ ഉപയോഗിച്ച് സ്റ്റാർ ഷേപ്പാണ് ഞാൻ ഉണ്ടാക്കിയത്. നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പ് ഉണ്ടാക്കാം. അതിനുശേഷം എണ്ണ ചൂടാക്കി ഒരേസമയം മൂന്നോ നാലോ കട്​ലറ്റ് ഇട്ട് ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വറുക്കുക. ഇതോടെ സ്വാദിഷ്ടമായ കട്​ലറ്റ് തയ്യാറായി. സ്റ്റാർടർ ആയും സ്നാക് ആയും കഴിക്കാവുന്ന സ്റ്റാർ കട്‌ലറ്റ് ചൂടോടെ ഗ്രീൻ ചട്നി കൂട്ടി കഴിക്കാം.

ഗ്രീൻ ചട്നി തയ്യാറാക്കുന്ന വിധം: ഒരുപിടി മല്ലിയിലയും പുതിനയിലയും രണ്ട്- മൂന്ന് പച്ചമുളകും ഒരല്ലി വെളുത്തുള്ളിയും രണ്ട് ടീസ്പൂൺ ബുജിയ സേവും (മിക്സ്ചർ) പാകത്തിന് ഉപ്പും ചേർത്ത് വളരെക്കുറച്ച് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക. പാത്രത്തിലേക്ക് മാറ്റി രണ്ട് ടേബിൾസ്പൂൺ തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുത്താൽ കട്‌ലറ്റിന്‍റെ കൂടെ കഴിക്കാൻ ചട്നി തയ്യാർ.