രക്തത്തില്‍ 'ഗ്ലൂക്കോസി'ന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് നിയന്ത്രിക്കാനാവും. 

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇതു സംബന്ധിച്ച് പുത്തൻ വിവരങ്ങൾ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതലും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയാണ് പ്രമേഹരോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. 

പ്രമേഹരോഗികള്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്നു പണ്ടേതെളിഞ്ഞതാണ്. അതിനാല്‍ പ്രമേഹരോഗികളുടെ ഒരു ദിവസം തുടങ്ങുന്നത്  ഉലുവ വെള്ളം കുടിച്ചുകൊണ്ടാകുന്നത് ഏറേ നല്ലതാണ്. രാത്രി മുഴുവന്‍ ഉലുവ കുതിര്‍ത്തുവച്ച ശേഷം രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കാം. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതോടൊപ്പം ഉലുവ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നതുമാണ്. 

രണ്ട്...

പ്രമേഹരോഗികള്‍ രാവിലെ ഭക്ഷണം ഒഴിവാക്കരുത്. നിര്‍ബന്ധമായും പോഷകം അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം. മുട്ട, പയര്‍, ഓട്സ് തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകള്‍ എന്നിവയെല്ലാം അടങ്ങിയ ബദാം പ്രമേഹരോഗികള്‍ കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണു ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തിയാൽ മതി. ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ദിവസവും 60 ഗ്രാം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് പറയുന്നു.  കുതിര്‍ത്ത ബദാമാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്. 

നാല്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമായ പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ആപ്പിള്‍, സ്ട്രോബറി, പേരയ്ക്ക തുടങ്ങിയവ ഏറെ നല്ലതാണ്. 

അഞ്ച്...

പാവയ്ക്ക, കോവയ്ക്ക തുടങ്ങിയ പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ ഇവയ്ക്ക് കഴിയും. അതിനാല്‍ ഇടയ്ക്ക് വിശക്കുമ്പോള്‍ പച്ചക്കറികള്‍ കൊണ്ടുള്ള സാലഡ് കഴിക്കാം. 

Also Read: പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...