വണ്ണം കുറയ്ക്കാന്‍ ഡയറ്റിലും മറ്റ് ജീവിതചര്യകളിലുമെല്ലാം പല മാറ്റങ്ങളും വരുത്തുന്നവരുണ്ട്. അത്തരക്കാര്‍ തീര്‍ച്ചയായും കേട്ടിരിക്കാന്‍ സാധ്യതയുള്ള ഒന്നാണ് 'ബ്ലാക്ക് ടീ'യുടെ ഗുണം. 'ബ്ലാക്ക് ടീ' പതിവാക്കുന്നത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമെന്ന വാദങ്ങള്‍ പലയിടങ്ങളില്‍ നിന്നും ഉയരാറുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ?

വിരസമായ മാനസികാവസ്ഥയില്‍ നിന്ന് ഉണര്‍വേകാനും ഉന്മേഷം പകരാനുമെല്ലാം ഒരു കടും ചായ മതി. എന്നാല്‍ ഇതിനുമപ്പുറം പല ആരോഗ്യഗുണങ്ങളും 'ബ്ലാക്ക് ടീ'യ്ക്ക് ഉണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. 'പോളിഫിനോള്‍സ്' എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് 'ബ്ലാക്ക് ടീ'. ഇത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കാന്‍ ഏറെ സഹായകമാണ്. 

ഇതേ ഘടകം തന്നെയാണ് വണ്ണം കുറയ്ക്കാനും സഹായിക്കുന്നുവെന്ന് പറയപ്പെടുന്നത്. 2014ല്‍ പുറത്തുവന്നൊരു പഠനം പറയുന്നത് മൂന്ന് മാസത്തേക്ക് ദിവസേന മൂന്ന് തവണയെങ്കില്‍ 'ബ്ലാക്ക് ടീ' കഴിക്കുന്നത് കൊണ്ട് തന്നെ വണ്ണം കുറയ്ക്കാന്‍ ആകുമെന്നാണ്. ഈ പഠനം സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ അന്ന് ഏറെ വന്നിരുന്നു. 

പിന്നീട് 2017ല്‍ ലോസ് ആഞ്ചല്‍സിലുള്ള 'യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ'യില്‍ നിന്നുള്ള ഗവേഷകരും 'ബ്ലാക്ക് ടീ'യുടെ വണ്ണം കുറയ്ക്കാനുള്ള കഴിവ് സംബന്ധിച്ച് ഒരു പഠനം നടത്തി.

ഈ പഠനത്തിന്റെ ഫലവും നേരത്തേ പ്രതിപാദിച്ച പഠനറിപ്പോര്‍ട്ടിന്റേതിന് സമാനമായിരുന്നു. അതായത്, 'ബ്ലാക്ക് ടീ' പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന്. എന്നാല്‍ വലിയ തോതില്‍ വണ്ണം കുറയ്ക്കാന്‍ ഇതിന് കഴിയില്ലെന്നും അനാരോഗ്യകരമായ അവസ്ഥകളുടെ ഭാഗമായി അമിതവണ്ണത്തിലെത്തിയവര്‍ക്ക് ഇത് ഫലം ചെയ്യില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. 

Also Read:- അമിതവണ്ണം കുറയ്ക്കണമെന്നുണ്ടോ; ഈ പാനീയങ്ങൾ കുടിക്കുന്നത് ശീലമാക്കൂ...

വണ്ണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണെങ്കിലും അല്ലെങ്കിലും 'ബ്ലാക്ക് ടീ' നല്ലത് തന്നെയാണെന്നാണ് പൊതുവേ ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗത്തില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ അത് ഇരട്ടിപ്പണിയാകുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.