വിശന്നുവലഞ്ഞ് നടക്കുമ്പോള്‍ ആകെ മനസില്‍ വിരിയുന്ന ഒരേയൊരു ചിത്രം ഭക്ഷണത്തിന്റേത് മാത്രമായിരിക്കും, അല്ലേ? ഭക്ഷണം വാങ്ങിക്കാന്‍ കയ്യില്‍ കാശുമില്ലെങ്കിലോ! പിന്നെ പറയാനുമില്ല. അങ്ങനെ ദുഖിച്ച് നടന്നുപോകുമ്പോള്‍ റോഡിലൊരു ഫ്രിഡ്ജ് കാണുന്നു. 'ഫ്രീ ഫുഡ്' എന്ന് അതിന് മുകളില്‍ വര്‍ണ്ണാഭമായി എഴുതിയിരിക്കുന്നു. 

തുറന്നുനോക്കുമ്പോള്‍ അത് നിറയെ വിവിധ തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍. ഒന്നോര്‍ത്തുനോക്കൂ, എത്ര സന്തോഷമായിരിക്കും നിര്‍ധനരായ ആളുകള്‍ക്ക് ആ അനുഭവം പകരുക!

സ്വപ്നം കാണാനൊക്കെ കൊള്ളാവുന്ന സംഗതി തന്നെ, എന്നാല്‍ 'റിയല്‍ ലൈഫി'ല്‍ ഇതൊക്കെ നടക്കുമോയെന്നായിരിക്കും ഇപ്പോള്‍ നിങ്ങളില്‍ പലരും ചിന്തിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും ഇതെല്ലാം നടക്കുമെന്നേ. ഇതിന് ഉത്തമ ഉദാഹരണമാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ വന്നെത്തിയിരിക്കുന്ന പുതിയ പദ്ധതി. 

 

 

കൊവിഡ് 19 മൂലം വറുതിയിലായ മനുഷ്യരോടുള്ള കരുതലെന്ന നിലയ്ക്ക് നഗരവാസികളുടെ കൂട്ടായ്മയാണ് 'ദ ഫ്രണ്ട്‌ലി ഫ്രിഡ്ജ്' എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. നഗരത്തിലെ വിവിധ ജംഗ്ഷനുകളില്‍ ഈ കൂട്ടായ്മ 'ഫ്രണ്ട്‌ലി ഫ്രിഡ്ജ്' സ്ഥാപിച്ചിട്ടുണ്ട്. 

വിശക്കുന്നവര്‍ക്ക് നേരെ വന്ന് ഫ്രിഡ്ജ് തുറന്ന് ഭക്ഷണമെടുക്കാം. എല്ലാം സൗജന്യം. സമയാസമയം ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്ന് നിറയ്ക്കാനും ഫ്രിഡ്ജ് വൃത്തിയാക്കാനുമെല്ലാം കൂട്ടായമയുടെ തന്നെ അംഗങ്ങള്‍ വരും. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആശയം പ്രചരിപ്പിക്കുകയാണ് ഇപ്പോഴീ കൂട്ടായ്മ. 

 

 

വലിയ അഭിനന്ദനമാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും. പലരും സഹായങ്ങളെത്തിക്കാനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞു. മറ്റുചിലര്‍ 'വൊളണ്ടിയര്‍' ആകാനുള്ള മനസും അറിയിക്കുന്നു. അങ്ങനെ വമ്പന്‍ വിജയത്തിലേക്കാണ് 'ദ ഫ്രണ്ട്‌ലി ഫ്രിഡ്ജ്' നീങ്ങുന്നത്. എന്തായാലും മാതൃകാപരമായ ഒരാശയം എന്ന നിലയ്ക്ക് ഇതിന് കയ്യടി അര്‍ഹിക്കുന്നുണ്ട്. അതേസമയം ദരിദ്ര രാജ്യങ്ങളെ സംബന്ധിച്ച് ഇത്തരം ആശയങ്ങളിലേക്കെല്ലാം കടക്കാന്‍ എത്രമാത്രം അവര്‍ക്കാകും എന്ന കാര്യത്തിലാണ് സംശയം.

Also Read:- ഇത് ലോക്ക്ഡൗണ്‍ കാലത്തെ ദുരന്തചിത്രം; ചീഞ്ഞ പഴങ്ങള്‍ കൂട്ടിയിട്ട ശ്മശാനപ്പറമ്പില്‍ കുടിയേറ്റത്തൊഴിലാളികൾ...