കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മുന്നറിയിപ്പില്ലാതെ രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത്, നാടുവിട്ട് ജോലിക്കായി മറ്റിടങ്ങളില്‍ കുടിയേറിയ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായിരുന്നു. പലരും താല്‍ക്കാലികമായി പണിസ്ഥലങ്ങളില്‍ കെട്ടിയുയര്‍ത്തിയ ഷെഡുകളിലും മറ്റുമായിരുന്നു കഴിഞ്ഞിരുന്നത്. അന്നന്ന് കിട്ടുന്ന കൂലിക്ക് ഭക്ഷണം തയ്യാറാക്കി കഴിക്കും. വല്ലപ്പോഴും അവധി കിട്ടുമ്പോള്‍ മാത്രം നാട്ടിലേക്ക് പോകും. ഇതൊക്കെയായിരുന്നു മിക്ക നഗരങ്ങളേയും ആശ്രയിച്ചുകഴിയുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ.

കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ജോലിയുമില്ല, കൂലിയുമില്ല, കിടപ്പാടവുമില്ല എന്ന നിലയിലായപ്പോള്‍ ലോക്ക്ഡൗണിന്റെ ആദ്യദിനങ്ങളില്‍ തന്നെ നാട്ടിലേക്ക് കാല്‍നടയായി യാത്ര തിരിച്ചവര്‍ ദില്ലിയില്‍ മാത്രം ആയിരക്കണക്കിന് പേരായിരുന്നു. പിന്നീട് വിവാദമായപ്പോള്‍ മാത്രമാണ് ദില്ലി സര്‍ക്കാര്‍ ഇവര്‍ക്ക് താല്‍ക്കാലിക അഭയമൊരുക്കിയത്. പലരേയും സംസ്ഥാനാതിര്‍ത്തികളില്‍ വച്ച് തന്നെ തടഞ്ഞ്, അവിടങ്ങളില്‍ തന്നെ താമസമൊരുക്കി. 

Also Read:- ലോക്ക്ഡൗണിനെ തുടര്‍ന്ന് 200 കിലോമീറ്റര്‍ നടന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു...

എന്നാല്‍ ഇത്തരത്തില്‍ ഒരുക്കിയ അഭയകേന്ദ്രങ്ങളില്‍ പലതിലും ആവശ്യത്തിന് പോലും ഭക്ഷണമെത്തുന്നില്ലെന്നതാണ് അവസ്ഥ. ഈ ദുരിതത്തെ നമുക്ക് മനസിലാക്കിത്തരുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ദില്ലിയിലെ നിഗംബോധ് ഘട്ടിലെ ഒരു ശ്മശാനവളപ്പില്‍ ആരോ ഉപേക്ഷിച്ചിട്ട പഴക്കൂനയില്‍ നിന്ന് നല്ല പഴങ്ങള്‍ അന്വേഷിച്ച് പെറുക്കിയെടുക്കുന്ന കുടിയേറ്റത്തൊഴിലാളികളാണ് ചിത്രത്തിലുള്ളത്. ലോക്ക്ഡൗണ്‍ കാലം പാചക പരീക്ഷണങ്ങള്‍ക്കായി മാറ്റിവക്കുന്നവര്‍ക്ക് മുന്നിലേക്കാണ് ഈ ചിത്രമെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

തലസ്ഥാനത്തെ പ്രമുഖ ശ്മശാനങ്ങളിലൊന്നാണ് ഇത്. മിക്കപ്പോഴും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും, ആചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യാനുമായി ആളുകളെത്തുന്നയിടം. 

Also Read:- പലായനം തടഞ്ഞ് ദില്ലി സര്‍ക്കാര്‍; അഭയ കേന്ദ്രങ്ങളില്‍ ദുരിത ജീവിതമെന്ന് തൊഴിലാളികള്‍...

കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഈ പ്രദേശത്ത് കച്ചവടക്കാരോ കര്‍ഷകരോ ഉപേക്ഷിച്ചുപോയതാണ് കിലോക്കണക്കിന് ചീഞ്ഞ നേന്ത്രപ്പഴങ്ങള്‍. ഇതില്‍ നിന്ന് വല്ലതും കിട്ടിയാല്‍ അതും ഞങ്ങള്‍ക്ക് ഈ സമയത്ത് വലിയ ആശ്വാസമാണെന്നാണ് ഇവര്‍ പറയുന്നത്. 

'നേന്ത്രപ്പഴം അങ്ങനെ എളുപ്പത്തിലൊന്നും ചീത്തയാകില്ല. നല്ലത് നോക്കി തിരഞ്ഞെടുത്താല്‍ ഒരു നേരത്തെയെങ്കിലും ഭക്ഷണത്തിന് ഞങ്ങള്‍ക്ക് അതുമതി...'- പഴം തിരഞ്ഞുകൊണ്ടിരിക്കെ ഒരു തൊഴിലാളി പ്രതികരിക്കുന്നു. 

'ഞങ്ങള്‍ക്ക് സ്ഥിരമായി ഭക്ഷണമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് ഇങ്ങനെയൊക്കെ വല്ലതും കിട്ടുമ്പോള്‍ അത് ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്...'- യുപിയിലെ അലിഗഡില്‍ നിന്നുള്ള ഒരു തൊഴിലാളി പറയുന്നു. 

'ഇന്ന് രണ്ട് ദിവസത്തിന് ശേഷം ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടി. ഇവിടെ അടുത്തുള്ള ഒരു ഗുരുദ്വാരയില്‍ നിന്നാണ് ഭക്ഷണം കിട്ടിയത്..' യുപിയിലെ ബറേലി സ്വദേശിയായ ജഗദീഷ് കുമാര്‍ പറയുന്നു. സര്‍ക്കാരൊരുക്കിയ താല്‍ക്കാലിക അഭയകേന്ദ്രത്തിലായിരുന്നു ജഗദീഷ് കുമാര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാവ്ച രണ്ട് തൊഴിലാളികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് തീപ്പിടുത്തമുണ്ടായതോടെ ആ അഭയകേന്ദ്രം കത്തിനശിച്ചു. ഇപ്പോള്‍ പുറത്താണ് കിടപ്പ്. എങ്ങനേയും പൊലീസുകാരുടെ കണ്ണ് വെട്ടിക്കണം, അതാണ് ബുദ്ധിമുട്ടെന്ന് ഈ അമ്പത്തിയഞ്ചുകാരന്‍ പറയുന്നു. 

Also Read:- ഇരുപതാളുകൾ, ഒരു ബക്കറ്റ്, ഒരു ടോയ്‌ലറ്റ്, രണ്ടായി മുറിച്ചൊരു ഡെറ്റോൾ സോപ്പ് - യുപിയിലെ ക്വാറന്റൈൻ നരകം ഇങ്ങനെ...

പല സ്ഥലങ്ങളിലും സ്‌കൂളുകള്‍ ഷെല്‍ട്ടര്‍ ഹോമുകളാക്കി മാറ്റി, അവിടേക്ക് കുടിയേറ്റത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ദില്ലി സര്‍ക്കാര്‍. 

ലോക്ക്ഡൗണ്‍ കാലത്തെ ദുരിതം പറയുന്ന ഈ ചിത്രം ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയതോടെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.