ചില ഡയറ്റുകളില്‍ ചില കാര്യങ്ങള്‍ പ്രത്യേകമായിത്തന്നെ ശ്രദ്ധിക്കേണ്ടതായി വരാം. അത്തരത്തില്‍ വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവര്‍ ശ്രദ്ധിക്കേണ്ടൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഡയറ്റ് അഥവാ ഭക്ഷണരീതി തീര്‍ത്തും വ്യക്തികളുടെ തെരഞ്ഞെടുപ്പാണ്. അത് വെജിറ്റേറിയനോ നോണ്‍ വെജിറ്റേറിയനോ അല്ലെങ്കില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ മാത്രം ഒഴിവാക്കുന്നവരോ കഴിക്കുന്നവരോ എല്ലാമാകട്ടെ. ഡയറ്റ് ഇങ്ങനെ വ്യക്തികളുടെ ഇഷ്ടാനിഷ്ടമാണെന്ന് പറയുമ്പോഴും നമുക്ക് ഭക്ഷണത്തിലൂടെ അവശ്യം നേടേണ്ട പോഷകങ്ങളില്‍ കുറവ് സംഭവിക്കുന്നത് ആരോഗ്യത്തിന് ദോഷകരം തന്നെ. ഇതും വെജിറ്റേറിയൻ- നോണ്‍ വെജിറ്റേറിയൻ ഡയറ്റിലെല്ലാം ഒരുപോലെ സംഭവിക്കാവുന്നതാണ്. 

ബാലൻസ്ഡ് ഡയറ്റ് അല്ലെങ്കില്‍ സമഗ്രമായൊരു ഭക്ഷണരീതിയാണ് എപ്പോഴും ഉചിതം. എല്ലാ തരം പോഷകങ്ങളും സമന്വയിപ്പിച്ചുള്ള ഭക്ഷണരീതിയെന്ന് സാരം. 

എന്നാല്‍ ചില ഡയറ്റുകളില്‍ ചില കാര്യങ്ങള്‍ പ്രത്യേകമായിത്തന്നെ ശ്രദ്ധിക്കേണ്ടതായി വരാം. അത്തരത്തില്‍ വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവര്‍ ശ്രദ്ധിക്കേണ്ടൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മധുരം അഥവാ ഷുഗര്‍ അടങ്ങിയിട്ടുള്ള ഭക്ഷണം അധികമായി കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമാണെന്ന് അറിയാമല്ലോ. എന്നാല്‍ മധുരം കഴിക്കാനുള്ള കൊതി എപ്പോഴും വന്നാലോ! എന്തുകൊണ്ടാണ് നമുക്കിങ്ങനെ മധുരം കഴിക്കാനുള്ള തോന്നലുണ്ടാകുന്നത് എന്നറിയാമോ?

മധുരം കഴിക്കുമ്പോള്‍ അത് നേരെ ചെന്ന് സ്വാധീനിക്കുന്നത് തലച്ചോറിനുള്ളില്‍ നമുക്ക് ആനന്ദം പകരുന്ന ഭാഗത്തെ തന്നെയാണ്. ഇതോടെ നമ്മുടെ മാനസികാവസ്ഥ പെട്ടെന്ന് മാറുന്നു. നാമറിയാതെ തന്നെ മധുരം നമ്മളില്‍ സന്തോഷമുണ്ടാക്കുന്നുവെന്ന് സാരം. ഇതുകൊണ്ടാണ് മധുരത്തോട് വീണ്ടും വീണ്ടും കൊതിയുണ്ടാകുന്നത്. എന്നാലിത് അമിതമാകുന്നത് അപകടമാണ്.

നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ പ്രോട്ടീനിന്‍റെ അളവ് കുറഞ്ഞാല്‍ ഇത്തരത്തില്‍ മധുരത്തോട് അമിതമായ ആവേശം വരാമത്രേ. കാര്യമായും വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവരിലാണ് പ്രോട്ടീൻ കുറവ് പതിവായി കാണുന്നത്. ഇറച്ചിയും മുട്ടയുമൊന്നും കഴിച്ചില്ലെങ്കിലും തീര്‍ച്ചയായും വെജിറ്റേറിയൻസിനും കൃത്യമായ അളവില്‍ പ്രോട്ടീൻ ലഭ്യമാക്കാൻ സാധിക്കും. അതിന് കഴിവുള്ള വിഭവങ്ങളുണ്ട്. എന്നാല്‍ എല്ലാവരും ഇത് ശ്രദ്ധിക്കണമെന്നില്ലല്ലോ. അങ്ങനെ വരുന്നതോടെയാണ് വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്നവരില്‍ പ്രോട്ടീൻ കുറവ് കാണുന്നത്. 

തലച്ചോറില്‍ നിന്ന് മധുരത്തോട് കൊതി പുറപ്പെടുന്നത് തടയാൻ പ്രോട്ടീൻ സഹായിക്കുന്നു. ഇതിന് അനുസരിച്ച് തലച്ചോറിലെ കെമിക്കലുകളെ പ്രോട്ടീൻ നിയന്ത്രണത്തിലാക്കുകയാണ് ചെയ്യുന്നത്. ഒപ്പം തന്നെ പ്രോട്ടീൻ കുടലിലൂടെ സഞ്ചരിക്കുമ്പോള്‍ 'സിസികെ' ഹോര്‍മോൺ ഉത്പാദനം കൂടുന്നു. 'സിസികെ' നമുക്ക് കാര്‍ബോഹൈഡ്രേറ്റിനോടുള്ള കൊതി കുറയ്ക്കാൻ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം പ്രോട്ടീൻ കുറയുന്നത് മധുരത്തോടുള്ള കൊതി കൂട്ടുന്നു. 

വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവരാണെങ്കില്‍ അവര്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിലൂടെ ഈ പ്രശ്നത്തെ മറികടക്കാൻ സാധിക്കും. അല്ലാത്തപക്ഷം പ്രമേഹവും അമിതവണ്ണവും തൊട്ടങ്ങോട്ട് പല പ്രശ്നങ്ങളും ക്രമേണ ബാധിക്കാം. 

Also Read::- പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ ഹൃദയത്തിന് നല്ലതോ? ഹൃദയം സുരക്ഷിതമാക്കാൻ കഴിക്കേണ്ടത്...