Asianet News MalayalamAsianet News Malayalam

മുന്തിരി വിനാഗിരിയില്‍ കഴുകുന്നത് എന്തിന്? അറിയാം ഈ ടിപ്സ്...

എങ്ങനെയാണ് പച്ചക്കറികളോ പഴങ്ങളോ കേടാകാതെ സൂക്ഷിക്കുക? ഈ വകുപ്പില്‍ നഷ്ടം വരാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കാം? ഇതിന് സഹായകമാകുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

tips to keep vegetables and fruits fresh for long time
Author
First Published Jan 20, 2023, 3:29 PM IST

നമ്മള്‍ മാര്‍ക്കറ്റില്‍ നിന്ന് പഴങ്ങളോ പച്ചക്കറികളോ വാങ്ങിക്കുമ്പോള്‍ മിക്കപ്പോഴും അളവ് കൂട്ടിത്തന്നെയായിരിക്കും വാങ്ങിക്കുക. പക്ഷേ ഇങ്ങനെ വാങ്ങിക്കുന്ന പച്ചക്കറികളോ പഴങ്ങളോ എല്ലാം കാലാവധി കഴിയുമ്പോള്‍ ചീത്തയാവുകയും തുടര്‍ന്ന് നമ്മളത് ഉപേക്ഷിക്കുകയും ചെയ്യുന്നത് പതിവാകുമ്പോള്‍ അത് ശരിക്കും വലിയ നഷ്ടം തന്നെയാണ്. 

ഓരോ ആഴ്ചയിലും ഇത്തരത്തില്‍ വരുന്ന നഷ്ടം കണക്കാക്കി നോക്കിയാല്‍ ഒരുപക്ഷേ മാസത്തില്‍ തന്നെ ബഡ്ജറ്റിനെ ഒതുക്കാനുള്ള മാര്‍ഗം ഇതിലൂടെ കിട്ടിയേക്കാം. എങ്ങനെയാണ് പച്ചക്കറികളോ പഴങ്ങളോ കേടാകാതെ സൂക്ഷിക്കുക? ഈ വകുപ്പില്‍ നഷ്ടം വരാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കാം? ഇതിന് സഹായകമാകുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആദ്യമേ ശ്രദ്ധിക്കേണ്ടത് പര്‍ച്ചേയ്സില്‍ തന്നെയാണ്. ഒരാഴ്ചയില്‍ എത്ര പച്ചക്കറി ഉപയോഗിക്കും പഴങ്ങള്‍ വേണ്ടി വരും എന്നതിന് ഏകദേശം ഒരു ധാരണ ഉണ്ടാക്കിയ ശേഷം മാത്രം പര്‍ച്ചേയ്സ് നടത്തുക. ഇങ്ങനെ വരുമ്പോള്‍ ബാക്കിയാകുകയും അതുവഴി നഷ്ടമുണ്ടാവുകയും ചെയ്യുന്ന സാഹചര്യമൊഴിവാക്കാം. അതുപോലെ തന്നെ വാങ്ങിക്കുന്നത് അല്‍പം കുറഞ്ഞുപോയാലും അത് പ്രശ്നമല്ലെന്ന് കരുതി കൈകാര്യം ചെയ്തുപോകണം. കൂടിയാല്‍ മാത്രമാണല്ലോ നഷ്ടം സംഭവിക്കുക.

രണ്ട്...

വാങ്ങിയ പച്ചക്കറികളോ പഴങ്ങളോ പെട്ടെന്ന് കേടാകാതിരിക്കാൻ ഇവ വാങ്ങി കൊണ്ടുവന്ന ശേഷം തന്നെ നന്നായി കഴുകി, തുടച്ച ശേഷം വെവ്വേറെയായി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പച്ചക്കറികളിലോ പഴങ്ങളിലോ അഴുക്കോ അമിതമായ ജലാംശമോ ഉണ്ടായാല്‍ ഇവ എളുപ്പത്തില്‍ കേടായിപ്പോകാം. 

മൂന്ന്...

പച്ചക്കറികള്‍ മിക്കതും കേടായിപ്പോകാതിരിക്കാൻ ഇവ കഴുകി മുറിച്ച ശേഷം എയര്‍ടൈറ്റ് കണ്ടെയ്നറുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് കുറെക്കൂടി ഇവയുടെ ആയുസ് നീട്ടിനല്‍കും. പ്രത്യേകിച്ച് ഇലവര്‍ഗത്തില്‍ പെട്ട പച്ചക്കറികളാണ് ഇത്തരത്തില്‍ ചെയ്യേണ്ടത്. അതുപോലെ കറിവേപ്പില, മല്ലിയില, പുതിനയില എന്നിവയെല്ലാം ഇങ്ങനെ സൂക്ഷിക്കുന്നതാണ് നല്ലത്.

നാല്...

ചില പഴങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന ശേഷം നമ്മള്‍ വിനാഗിരിയുപയോഗിച്ച് കഴുകാറുണ്ട്. പലര്‍ക്കും ഇതെക്കുറിച്ച് അറിവില്ലെന്നതും സത്യമാണ്. പ്രത്യേകിച്ച് മുന്തിരി, വിവിധയിനം ബെറികളെല്ലാമാണ് വിനാഗിരിയും വെള്ളവും യോജിപ്പിച്ച്- ഇതുവച്ച് കഴുകിയെടുക്കുന്നത്. 3 : 1 എന്ന അളവിലാണ് വെള്ളവും വിനാഗിരിയും ഇതിനായി യോജിപ്പിക്കേണ്ടത്. ഇങ്ങനെ വിനാഗിരിയില്‍ കഴുകുമ്പോള്‍ പഴങ്ങള്‍ പെട്ടെന്ന് കേടാകാതിരിക്കുന്നു. കഴുകിയ ശേഷം ജലാംശം പോകാൻ വച്ച് എയര്‍ടൈറ്റ് അല്ലാത്ത പാത്രത്തില്‍ കിച്ചൻ പേപ്പര്‍ വിരിച്ച് ഇതില്‍ ആക്കിവയ്ക്കാം. 

അഞ്ച്...

പച്ചക്കറികളോ പഴങ്ങളോ സൂക്ഷിച്ചുവയ്ക്കുമ്പോള്‍ അവയുടെ സ്വഭാവം അനുസരിച്ച് വേണം സൂക്ഷിക്കാൻ. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിലും അല്ലാത്തവ പുറത്തും തന്നെ സൂക്ഷിക്കുക. ഉദാഹരണത്തിന്, ഉള്ളിയാണെങ്കില്‍ അവ നല്ലതുപോലെ വെളിച്ചവും ചൂടും കിട്ടുന്നിടത്താണ് വയ്ക്കേണ്ടത്. തക്കാളിയാണെങ്കില്‍ ഇത് കഴുകിത്തുടച്ച്  പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെ ഓരോന്നും അനുയോജ്യമായ വിധം സൂക്ഷിച്ചാല്‍ പാഴാകുന്നത് വളരെയധികം കുറയ്ക്കാൻ സാധിക്കും. 

Also Read:- ചായയോടൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളെ കുറിച്ചറിയാമോ?

Follow Us:
Download App:
  • android
  • ios