'ഇത് എന്ത്  കോമ്പിനേഷന്‍' എന്നു ചോദിച്ചുപോകുന്ന ചില പാചക പരീക്ഷണങ്ങളാണ് ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുക, തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിക്കുക, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക...ഇങ്ങനെ പോകുന്നു പലരുടെയും വിചിത്രമായ ഫുഡ്  'കോമ്പിനേഷനു'കള്‍. ഇവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ നേടുകയും ചെയ്തു. 

അക്കൂട്ടത്തില്‍ ഇതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. രാഹുല്‍ എന്ന ട്വിറ്റര്‍ അക്കൌഡിലൂടെയാണ്  ഈ പുത്തന്‍ 'ചോക്ലേറ്റ് മാഗി' പാചകത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇന്ന് വീണ്ടും ഞാന്‍ ചോക്ലേറ്റ് മാഗി ഉണ്ടാക്കുകയാണ് എന്നാണ് ചിത്രത്തിന്  നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്.  

 

 

ചിത്രത്തില്‍ ഒരു ഇലക്ട്രിക് കെറ്റിലില്‍ മാഗി വേവിക്കാന്‍ വച്ചിരിക്കുന്നത് കാണാം. ചോക്ലേറ്റിന്റെ കഷണങ്ങള്‍ കൊണ്ട് ടോപ്പിങും നല്‍കിയിട്ടുണ്ട്. പോരാഞ്ഞിട്ട് ഒരു ചോക്ലേറ്റ് ബാര്‍ തന്നെ ഇയാള്‍ ഇതില്‍ ഇട്ടുവച്ചിരിക്കുകയാണ്. 

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ ശാപം കിട്ടും എന്ന് ഒരാള്‍ കമന്‍റ്  ചെയ്തപ്പോള്‍ മാഗിയെ നശിപ്പിക്കരുതേ എന്നാണ് മറ്റുചിലര്‍ പറയുന്നത്. ഇയാളെ ബ്ലോക് ചെയ്യണം എന്നാണ് പലരുടെയും ആവശ്യം. 

 

 

Also Read: പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിച്ചു; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ...