കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ പല പുത്തന്‍ പരീക്ഷണങ്ങളും റെസ്‌റ്റോറന്റുകള്‍ പരീക്ഷിക്കാറുണ്ട്. ഭംഗിയുള്ള ഇന്റീരിയര്‍, ജീവനക്കാരുടെ നല്ല രീതിയിലുള്ള പെരുമാറ്റം, ഓഫറുകള്‍, വ്യത്യസ്തമായ ഭക്ഷണം എന്നിങ്ങനെ പല മാര്‍ഗങ്ങളും ഇതിനായി അവലംബിച്ച് കാണാറുണ്ട്. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ടൊരു ആശയമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വൈറലായൊരു ഫോട്ടോ ആണ് ഈ ചര്‍ച്ചകള്‍ക്കെല്ലാം വഴിയൊരുക്കിയത്. ചെന്നൈയിലുള്ള ഒരു റെസ്‌റ്റോറന്റില്‍ നിന്ന് കസ്റ്റമര്‍ക്ക് ലഭിച്ച ബില്ല് ആണ് വൈറലായ ഫോട്ടോ. ബില്ലില്‍ വിലവിവരങ്ങളെല്ലാം രേഖപ്പെടുത്തിയ ശേഷം ഏറ്റവും താഴെയായി രസകരമായൊരു സന്ദേശമാണുള്ളത്.

'ഒരിക്കലും ഒരു സമൂസയെയേ കച്ചോരിയെയോ നോ എന്ന് പറഞ്ഞ് വേദനിപ്പിക്കരുത്. കാരണം അവരുടെ ഉള്ളിലും ഫില്ലിംഗ് ഉണ്ട്'- എന്നായിരുന്നു സന്ദേശം. സംഗതി കൊള്ളാമെന്ന് തോന്നിയതോടെ കസ്റ്റമര്‍ തന്നെയാണ് ബില്ലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് വൈറലാവുകയായിരുന്നു. 

കസ്റ്റമേഴ്‌സിനെ വലയിലാക്കാനുള്ള തന്ത്രമാണെങ്കില്‍ കൂടി ക്രിയാത്മകമായതും ആകര്‍ഷകമായതുമായ ആശയമാണിതെന്നുള്ള അഭിപ്രായമാണ് മിക്കവരും രേഖപ്പെടുത്തിയത്. ഭക്ഷണപ്രേമികളെ സംബന്ധിച്ച് തീര്‍ച്ചയായും 'സൈക്കോളജിക്കലി' അവരെ അടുപ്പിക്കാന്‍ ഇത്തരം ചെറു സന്ദേശങ്ങള്‍ കൊണ്ട് കഴിയുമെന്നും പലരും കുറിക്കുന്നു. പല റെസ്റ്റോറന്റുകളും ഇത്തരത്തില്‍ ഭക്ഷണത്തിനൊപ്പം കസ്റ്റമര്‍ക്ക് എന്തെങ്കിലും തരത്തില്‍ സന്ദേശം കൈമാറുന്ന 'ട്രെന്‍ഡ്' ഇന്ന് കാണാറുണ്ട്. പക്ഷേ ബില്ലിനുള്ളില്‍ ഇതുള്‍പ്പെടുത്തുന്നത് അത്ര പതിവ് കാഴ്ചയല്ല.

Also Read:- ഭക്ഷണം 'ഫ്രീ' കൂടാതെ നോട്ടുകെട്ടുകളും; ഈ റെസ്‌റ്റോറന്റ് ഉടമയെ നിങ്ങളറിയുമോ?...