കൊവിഡ് 19 മഹാമാരിക്കാലത്ത് ആരോഗ്യം സംബന്ധിച്ച വിഷയങ്ങള്‍ക്കൊപ്പം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഭക്ഷണവും. ഏകാന്തവാസവും രോഗം ഉയര്‍ത്തുന്ന ഭീഷണിയും മാനസികസമ്മര്‍ദ്ദങ്ങളും മറികടക്കാന്‍ മിക്കവരും ആശ്രയം തേടിയത് പാചക പരീക്ഷണങ്ങളിലാണ്. 

ഡാല്‍ഗോണ കോഫി മുതല്‍ കേക്ക് ബേക്കിംഗ് വരെയുള്ള പരീക്ഷണങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നൊരു പുതിയ ട്രെന്‍ഡിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

സാധാരണഗതിയില്‍ നമ്മളെങ്ങനെയാണ് കേക്ക് കട്ട് ചെയ്യുന്നത്! പ്ലാസ്റ്റിക്കിന്റെയോ വുഡിന്റെയോ കത്തിയോ, അല്ലെങ്കില്‍ നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന കത്തിയോ ഉപയോഗിച്ച് ഒരു വശത്ത് നിന്ന് നടുഭാഗം വരേക്ക് വരഞ്ഞ് കഷ്ണങ്ങളാക്കിയെടുക്കും, അല്ലേ? അതല്ലെങ്കില്‍ ക്യൂബുകളാക്കി മുറിക്കും. 

എന്നാല്‍ ഗ്ലാസ് കൊണ്ട് കേക്ക് മുറിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇതാണ് പറഞ്ഞുവന്ന ഏറ്റവും പുതിയ ട്രെന്‍ഡ്. പാര്‍ട്ടികളിലും മറ്റും ഓരോരുത്തരും അവരവരുടെ കയ്യിലെ ഗ്ലാസുപയോഗിച്ച് സ്‌കൂപ്പുകളായി കേക്ക് മുറിച്ചെടുക്കും. 

മഹാമാരിക്കാലത്ത് മറ്റുള്ളവരുടെ കൈ തൊടാതെ കേക്ക് കഴിക്കാന്‍ ഇത് നല്ല രീതി തന്നെയാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ കേക്കിന്റെ ഭംഗിയേയും അത് തയ്യാറാക്കാന്‍ ബേക്കര്‍ എടുക്കുന്ന അധ്വാനത്തേയും നിഷേധിക്കുന്ന തരത്തിലാണ് ഈ കേക്ക് കട്ടിംഗ് എന്നാണ് ചിലര്‍ വാദിക്കുന്നത്. ഏതായാലും പുതിയ രീതിയിലുള്ള കേക്ക് മുറി ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഇത് മാതൃകയാക്കുകയും അല്ലാത്തവര്‍ക്ക് വേണ്ടെന്ന് വയ്ക്കുകയും ആവാമല്ലോ! 

വീഡിയോ കാണാം...

 

 

Also Read:- ഓറഞ്ച് ഇരിപ്പുണ്ടോ...? കിടിലനൊരു കേക്ക് തയ്യാറാക്കിയാലോ...