വിഷുവിന് തയ്യാറാക്കാം സ്പെഷ്യൽ ചക്ക ഉണ്ണിയപ്പം. അഭിരാമി തയ്യാറാക്കിയ പാചകക്കുറിപ്പ്... 

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

വിഷുവിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമേയുള്ളൂ. ഇത്തവണ വിഷുവിന് വീട്ടിലുള്ള ചക്ക കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

1)പഴുത്ത വരിക്കചക്ക - 10-15 ചുളകൾ 
2)അരിപ്പൊടി -ഒരു കപ്പ്‌ 
3)മൈദ -കാൽ കപ്പ്
4)അവൽ -കാൽ കപ്പ് 
5)ശർക്കരപ്പാനി -300ഗ്രാം (300ഗ്രാം ശർക്കര ഉരുക്കുമ്പോഴുള്ള പാനി )
6)ഏലക്കപ്പൊടി -ഒരു ടീസ്പൂൺ 
7)തേങ്ങക്കൊത്ത് -ഒരു ടേബിൾ സ്പൂൺ 
8)വെളിച്ചെണ്ണ -150ഗ്രാം 
9)നെയ് -150ഗ്രാം 
10)ഉപ്പ് - ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം...

പഴുത്ത വരിക്കച്ചക്ക കുരുകളഞ്ഞ് ചെറുതായി നുറുക്കിയതും രണ്ടു മുതൽ ആറു വരെയുള്ള ചേരുവകളും കൂടി ഒരു മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് അരച്ചെടുക്കുക. ശേഷം കുഴിവുള്ള ഒരു പാത്രത്തിൽ ഈ മിശ്രിതം ഒഴിച്ച് ഒരു നുള്ള് ഉപ്പും ചേർത്ത് 15 മിനിറ്റ് ഇറുക്കമില്ലാതെ അടച്ചു വയ്ക്കുക. ഒരു പാനിൽ നെയ് ചൂടാക്കി തേങ്ങാക്കൊത്ത് വറുത്തത് ഇതിലേക്ക് ചേർചേർത്തു കൊടുക്കുക. ഉണ്ണിയപ്പചട്ടിയിൽ വെളിച്ചെണ്ണയും നെയ്യും സമാസമം ഒഴിച്ച് ചൂടാകുമ്പോൾ ചട്ടിയുടെ ഓരോ കുഴികളിലും മുക്കാൽ ഭാഗം മാത്രം മാവൊഴിക്കുക. വെന്തുവരുമ്പോൾ ഒരു സ്പൂണോ പപ്പടകോലോ കൊണ്ട് മറിച്ചിടാം.മീഡിയം തീയിൽ ഉണ്ണിയപ്പം ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ ചട്ടിയിൽ നിന്ന് കോരിയെടുക്കാം.

Also read: സ്വാദിഷ്ടമായ രുചിയിൽ തയ്യാറാക്കാം ചെറുപയർ പരിപ്പ് പായസം; റെസിപ്പി

youtubevideo