കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

ദിനംപ്രതി കൂടി വരുന്ന വണ്ണം ആണ് പലരുടെയും പ്രധാന പ്രശ്നം. വണ്ണം കുറയ്ക്കാന്‍ ഒന്നല്ല, ഒരായിരം വഴികള്‍ പരീക്ഷിച്ചു എന്നാണ് പലരും പറയുന്നത്. വണ്ണം കുറയ്ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്.

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍‌ ഉള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പയർവർ​ഗങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ഇവ വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ എ, ബി 2, സി, ഡി, ഇ എന്നിവ മുളപ്പിച്ച പയർവർ​ഗങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ മാത്രമല്ല രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും മുളപ്പിച്ച പയർവർ​ഗങ്ങൾ സഹായിക്കും.

രണ്ട്...

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ വിറ്റാമിന്‍ ബി2, ബി12, ഡി, ഫോളേറ്റ്, ഫോസ്ഫറസ്, സെലെനിയം, കാത്സ്യം, സിങ്ക് തുടങ്ങിയവയൊക്കെ ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കാനും അതുവഴി വിശപ്പ് കുറയ്ക്കാനും സഹായിക്കും.

മൂന്ന്...

ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പിനെയും അകറ്റാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി അമിത വണ്ണം നിയന്ത്രിക്കാം.

നാല്...

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്ളാക്സ് സീഡ് ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.

അഞ്ച്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ ഇവ നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

Also Read: ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സ്ട്രോബെറി; അറിയാം മറ്റ് ഗുണങ്ങള്‍...