ശരീരഭാരം കുറയ്‌ക്കുന്നതിനായി പലരും പട്ടിണി കിടക്കുന്ന പ്രവണത കാണാറുണ്ട്. വണ്ണം കുറയ്ക്കാനായി ഭക്ഷണം ഉപേക്ഷിക്കുന്നതിനുപകരം ചിട്ടയായ ഭക്ഷണരീതിയുണ്ടാക്കുകയാണ് വേണ്ടത്. 

വണ്ണം കുറയ്ക്കാനായി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ സൂക്ഷിക്കുക, അത് നിങ്ങളുടെ ആരോഗ്യത്തെ പല രീതിയില്‍ ബാധിക്കും. 

ഒന്ന്...

മൂന്ന് നേരം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാള്‍ ഒരു നേരം അത് ഒഴിവാക്കുമ്പോള്‍ വിശപ്പ് കൂടുകയാണ് ചെയ്യുന്നത്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ടാക്കുന്നു.  ഇതുമൂലം ശരീരഭാരം കൂടാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ ഒഴിവാക്കുന്നത് നിങ്ങളില്‍ 'ജങ്ക് ഫുഡ് ' കഴിക്കാനുള്ള സാധ്യതയെയും കൂട്ടാമെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

രണ്ട്...

ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് ലഭ്യത നഷ്ടപ്പെടുത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കാം. ഭാവിയില്‍ ഇത് പ്രമേഹത്തിന് വരെ വഴിയൊരുക്കുമെന്നും വിദ​ഗ്ധർ പറയുന്നു. 

മൂന്ന്...

ഉച്ചഭക്ഷണം ഒഴിവാക്കുന്നത് മൂലം ശരീരം തളരാനും, തലചുറ്റി വീഴാനും വയറുവേദനയ്ക്കും സാധ്യതയുണ്ട്. ചെയ്യുന്ന ജോലിയിൽ ശ്രദ്ധക്കുറവും ഉണ്ടാകാം. 

നാല്...

ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്.  അതുകൊണ്ടുതന്നെ, അത് ഒഴിവാക്കുന്നത് നിങ്ങളുടെ ഊർജ്ജത്തെ ബാധിക്കാം. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടാം. ഒപ്പം പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വഴി മൈഗ്രേയ്ന്‍, ഓര്‍മ്മക്കുറവ്, ചിന്താശേഷിക്കുറവ് എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം. 

അഞ്ച്...

അതുമാത്രമല്ല, ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ദഹനത്തെ മൊത്തം ബാധിക്കാം. 

Also Read: ലോക്ക്ഡൗണ്‍ കാലത്ത് അമിതവണ്ണം കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...