ജൂണ്‍ ഒന്നിന് അന്താരാഷ്ട്ര ക്ഷീരദിനം അഥവാ പാല്‍ദിനമായി ആഷോഷിക്കുകയാണ് ലോകമെങ്ങും. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതലാണ് എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടാന്‍ ആരംഭിച്ചത്. പാലിനെ ആഗോള ഭക്ഷണമായി കണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ക്ഷീരോല്‍പാദന മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍ നമ്മളെ സംബന്ധിച്ച് ഈ ദിനത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. ഏറ്റവും മികച്ച പോഷകാഹാരങ്ങളുടെ മിശ്രിതം എന്ന സവിശേഷതയുള്ള പാലിന്‍റെ ഗുണങ്ങളെ കുറിച്ചറിയാം. 

ഒന്ന്...

ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയമാണ് പാല്‍. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ 120 മില്ലിഗ്രാം കാൽസ്യം, 14 മില്ലിഗ്രാം കൊളസ്ട്രോൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. 100 മില്ലിലീറ്റർ പശുവിൻ പാലിൽ 66 കലോറിയുണ്ട്. ലാക്ടോസ് എന്ന മധുരമാണു പാലിലെ മറ്റൊരു ഘടകം.

രണ്ട്...

പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ഡി  എല്ലുകൾക്ക് ശക്തി നൽകുന്നു.

 

മൂന്ന്...

എല്ലാത്തരം അമീനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. 

നാല്...

രാത്രി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അഞ്ച്...

പാല്‍ പുളിപ്പിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്. പുളിപ്പിച്ചെടുക്കുന്ന പ്രക്രിയയിലൂടെ തയ്യാറാക്കുന്ന പാല്‍ ഉത്പന്നങ്ങള്‍ക്ക് പ്രോബയോട്ടിക് ഗുണങ്ങള്‍ ഏറെയാണ്. തൈര്, വെണ്ണ, പാല്‍ക്കട്ടി എന്നിവയൊക്കെ കഴിക്കാന്‍ നല്ലതാണ്. 

എന്താണ് പാലിന്‍റെ കുറവ്? 

പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും കൊളസ്ട്രോളും ചിലരുടെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ അളവ് നോക്കി മാത്രം പാല്‍ കുടിക്കാം. പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവർ പാൽ കുടിക്കുന്നതിന്റെ അളവു നിയന്ത്രിക്കണം.

Also Read: പാല്‍ എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?; അറിയേണ്ട ചിലത്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona