ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ചെല്‍സിയും ആഴ്‌സണലും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ചെല്‍സിയും ആഴ്‌സണലും സമനിലയില്‍ പിരിഞ്ഞു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. നാല്‍പത്തിയെട്ടാം മിനിറ്റില്‍ ട്രെവോ ചെല്‍സിയെ മുന്നില്‍ എത്തിച്ചു. പത്ത് മിനിറ്റിനകം മികേല്‍ മെറീനോ ആഴ്‌സണലിന്റെ സമനില ഗോള്‍ നേടി. മുപ്പത്തിയെട്ടാം മിനിറ്റില്‍ കെയ്‌സേഡോ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ചെല്‍സി പത്തുപേരുമായാണ് കളിച്ചത്. 13 കളിയില്‍ 30 പോയിന്റുമായി ആഴ്‌സണല്‍ ഒന്നും 24 പോയിന്റുമായി ചെല്‍സി മൂന്നും സ്ഥാനത്തുമാണ്.
വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍. പതിമൂന്നാം റൗണ്ടില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. രണ്ടാം പകുതിയിലായിരുന്നു ലിവര്‍പൂളിന്റെ ഗോളുകള്‍. അറുപതാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഇസാക്കും ഇഞ്ചുറി ടൈമില്‍ കോഡി ഗാപ്‌കോയുമാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. ലിവര്‍പൂളിനായി ഇസാക്കിന്റെ ആദ്യ ഗോളായിരുന്നു ഇത്. എണ്‍പത്തിനാലാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും വെസ്റ്റ് ഹാമിന് തിരിച്ചടിയായി. 21 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണിപ്പോള്‍ ലിവര്‍പൂള്‍.
പ്രീമിയര്‍ ലീഗില്‍ മൂന്ന് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയവഴിയില്‍ തിരിച്ചെത്തി. യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. രണ്ടാം പകുതിയില്‍ ജോഷ്വ സിര്‍ക്‌സീയും മേസണ്‍ മൗണ്ടും നേടിയ ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. 13 കളിയില്‍ 21 പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫുള്‍ഹാം ഒന്നിനെതിരെ രണ്ട് ഗോളിന് ടോട്ടനത്തെ തോല്‍പിച്ചു. കളിയുടെ തുടക്കത്തില്‍ കെന്നി ടെറ്റെയും ഹാരി വില്‍സണും നേടിയ ഗോളുകള്‍ക്കാണ് ഫുള്‍ഹാമിന്റെ ജയം.
കെന്നി നാലാം മിനിറ്റിലും ഹാരി ആറാം മിനിറ്റിലും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മുഹമ്മദ് കുദൂസാണ് ടോട്ടനത്തിന്റെ സ്‌കോറര്‍. അഞ്ചാം തോല്‍വി നേരിട്ട ടോട്ടനം പതിനെട്ട് പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ്.

