ആഴ്സണൽ കേരള സപ്പോർട്ടേഴ്‌സ് ക്ലബ്ബ് ആണ് കൊച്ചിയിലെ ഹോട്ടൽ 'ലെ മെറിഡിയനിൽ' ചാമ്പ്യൻസ് ലീഗ് ഫൈനലിന്‍റെ സ്ക്രീനിങ് ഒരുക്കിയത്.

കൊച്ചി: ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ഇന്നലെ രാത്രി ആഴ്സണല്‍, പിഎസ്‌ജിയെ നേരിട്ടപ്പോള്‍ കൊച്ചിയെ മറ്റൊരു എമിറേറ്റ്സ് സ്റ്റേഡിയമാക്കി കേരളത്തിലെ ഗണ്ണേഴ്സ് ആരാധകര്‍. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടം കൈവിട്ടെങ്കിലും കൊച്ചിയിലെ ലെ മെറിഡിയനിൽ ഒത്തുകൂടിയ ആഴ്സണല്‍ ആരാധകരുടെ ആവേശത്തിന് ഒരിറ്റുപോലും കുറവുണ്ടയിരുന്നില്ല. ഫൈനൽ വിസിൽ മുഴങ്ങുന്നത് വരെ അവർ തങ്ങളുടെ ടീമിനായി തൊണ്ടപൊട്ടി പാടുകയും കൈയടിക്കുകയും ചെയ്തുകൊണ്ടിരുന്നു. യൂറോപ്പിലെ വമ്പൻ സ്റ്റേഡിയങ്ങളെപ്പോലും വെല്ലുന്ന രീതിയിലുള്ള അന്തരീക്ഷമാണ് കൊച്ചിയിൽ കേരളത്തിലെ ആഴ്സണൽ ആരാധകർ സൃഷ്ടിച്ചത്. തോൽവിയിലും ടീമിനെ നെഞ്ചോട് ചേർത്തുപിടിച്ച് ലോകത്തിലെ ഏറ്റവും മികച്ച ആഴ്സണൽ കമ്മ്യൂണിറ്റികളിലൊന്നാണ് കേരളത്തിലേതെന്ന് തെളിയിച്ചാണ് ആരാധകര്‍ പിരിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
View post on Instagram

ആഴ്സണൽ കേരള സപ്പോർട്ടേഴ്‌സ് ക്ലബ്ബ് ആണ് കൊച്ചിയിലെ ഹോട്ടൽ 'ലെ മെറിഡിയനിൽ' ചാമ്പ്യൻസ് ലീഗ് ഫൈനലിന്‍റെ സ്ക്രീനിങ് ഒരുക്കിയത്. ആദ്യം 400 പേരെ മാത്രം പ്രതീക്ഷിച്ചിടത്ത് ആഴ്സണലിന്‍റെ പ്രീമിയർ ലീഗ് വിജയത്തിന് പിന്നാലെ ആയിരത്തിലധികം ആരാധകർ സ്ക്രീനിംഗിനായി രജിസ്റ്റര്‍ ചെയ്തു. ഇതോടെ 400 പേര്‍ക്കിരിക്കാവുന്ന ചെറിയ ഹാളില്‍ നിന്നും വലിയ ഹാളിലേക്ക് സ്ക്രീനിംഗ് മാറ്റിയെങ്കിലും അവിടെയും സീറ്റുകൾ നിറഞ്ഞതിനാൽ സംഘാടകര്‍ക്ക് രജിസ്ട്രേഷൻ അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

കൊച്ചിക്ക് പുറമെ കേരളത്തിലെ മറ്റ് പ്രമുഖ നഗരങ്ങളിലും രാത്രി ആഴ്സണൽ ആരാധകർക്കായി സ്ക്രീനിങ്ങുകൾ ഒരുക്കിയിരുന്നു. കേരളത്തിലെ ആഴ്സണല്‍ ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചശേഷമാണ് മത്സരം അവസാനിച്ചത്. ഹംഗറിയിലെ പുഷ്കാസ് അരീനയിൽ നടന്ന ചാമ്പ്യൻസ് ലീഗ് കിരീടപ്പോരില്‍ പെനൽറ്റി ഷൂട്ടൗട്ടില്‍ ആഴ്സണലിനെ വീഴ്ത്തിയാണ് ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജി കിരീടം നിലനിര്‍ത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-3 നായിരുന്നു പിഎസ്‌ജിയുടെ ജയം. റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ പിഎസ്‌ജി സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക