യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ജയിച്ചിട്ടും അഗ്രഗേറ്റ് സ്‌കോറില്‍ ബാഴ്‌സലോണ പുറത്തായി. ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി സെമിയിലേക്ക് മുന്നേറിയപ്പോള്‍, ഇന്ന് നടക്കുന്ന നിര്‍ണ്ണായക രണ്ടാം പാദ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ നേരിടും.
മ്യൂനിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍ മ്യൂനിച്ച് - റയല്‍ മാഡ്രിഡ് രണ്ടാം പാദ പോര്. ഒരുഗോള്‍ കടവുമായിട്ടാണ് റയല്‍ മാഡ്രിഡ് ജര്‍മ്മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന്റെ മൈതാനത്തെത്തുന്നത്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ബയേണ്‍ ജയിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്. ആദ്യ പാദത്തില്‍ ഹാരി കെയ്‌ന്റെയും ലൂയിസ് ഡിയാസിന്റെയും ഗോളുകള്‍ക്ക് റയലിന്റെ ഏകമറുപടി കിലിയന്‍ എംബാപ്പേയിലൂടെ. ബയേണ്‍ ഗോളി മാനുവല്‍ നോയറെ മറികടക്കുക എത്ര കടുപ്പമെന്ന് റയല്‍ ഹോം ഗ്രൗണ്ടില്‍ തിരിച്ചറിഞ്ഞതാണ്.
അവസാന പതിനഞ്ച് കളിയില്‍ തോല്‍വി അറിയാത്ത ബയേണിനെതിരെ അലയന്‍സ് അറീനയില്‍ ഇറങ്ങുമ്പോള്‍ വെല്ലുവിളിയും സമ്മര്‍ദവും റയലിന്. എംബാപ്പേ, വിനിഷ്യസ് ജൂനിയര്‍ മുന്നേറ്റ ജോഡിയിലാണ് റയലിന്റെ പ്രതീക്ഷ. പരിക്കേറ്റ ഗോളി തിബോത് കോര്‍ത്വയുടേയും റോഡ്രിഗോയുടേയും സസ്‌പെന്‍ഷനിലായ ചുവാമെനിയുടേയും തിരിച്ചടി. സ്വന്തം കാണികളുടെ പിന്തുണയോടെ ഇറങ്ങുമ്പോള്‍ ഹാരി കെയ്‌നും ലൂയിസ് ഡിയാസിനും സെര്‍ജി ഗ്‌നാബ്രിക്കിനുമെല്ലാം ഇരട്ടിയാവേശം.
ലാലീഗയില്‍ ബാഴ്‌സയേക്കാള്‍ ഒന്‍പത് പോയിന്റിന് പിന്നിലായ റയലിന് ചാമ്പ്യന്‍സ് ലീഗ് ഏറെ നിര്‍ണായകം. ആദ്യ പാദത്തില്‍ നേടിയ ഒറ്റഗോള്‍ ലീഡുമായാണ് ആഴ്‌സണല്‍ ഹോം ഗ്രൗണ്ടില്‍ സ്‌പോര്‍ട്ടിംഗിനെ നേരിടാന്‍ ഇറങ്ങുന്നത്. ബുക്കായോ സാക്കയുടേയും ഡെക്ലാന്‍ റൈസിന്റെയും അഭാവം തിരിച്ചടി ആവില്ലെന്ന പ്രതീക്ഷയിലാണ് ആഴ്‌സണല്‍.
ബാഴ്‌സലോണ പുറത്ത്
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ ബാഴ്‌സലോണ പുറത്ത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-1ന് തോല്‍പ്പിച്ചെങ്കിലും സെമിയില്‍ എത്താനായില്ല. ഇരു പാദങ്ങളിലുമായി 3-2ന് മുന്‍തൂക്കംനേടിയ അത്‌ലറ്റിക്കോ സെമിയിലേക്ക് മുന്നേറി. ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി സെമിയിലേക്ക് മുന്നേറി. രണ്ടാം പാദ ക്വാര്‍ട്ടറിലും എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി ജയിച്ചു. ആദ്യ പാദത്തിലും 2-0ത്തിന് ആയിരുന്നു പിഎസ്ജിയുടെ ജയം. ചാമ്പ്യന്‍സ് ലീഗില്‍ സെമി ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും ഇന്ന് രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ആഴ്‌സണലിന് പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിംഗാണ് എതിരാളികള്‍. രണ്ട് കളിയും തുടങ്ങുക രാത്രി പന്ത്രണ്ടരയ്ക്ക്.
