കല്‍ക്കട്ട പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനായി മലയാളി കോച്ച് ബിനോ ജോര്‍ജിനെ തെരഞ്ഞെടുത്തു. ഈസ്റ്റ് ബംഗാള്‍ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായ അദ്ദേഹം, ടീമിനെ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരാക്കിയതിനാണ് ഈ അംഗീകാരം.
കൊല്‍ക്കത്ത: കല്‍ക്കട്ട പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച പരിശീലികനായി തെരഞ്ഞെടുക്കപ്പെട്ട് മലയാളിയായ ബിനോ ജോര്‍ജ്. നിലവില്‍ ഈസ്റ്റ് ബംഗാള്‍ അണ്ടര്‍ 21 ടീമിന്റെ പ്രധാന കോച്ചാണ് ബിനോ. കല്‍ക്കട്ട പ്രീമിയര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തത്. ജര്‍മന്‍ ഇതിഹാസം ലോതര്‍ മതേവൂസില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. 2022ല്‍ കേരളം സന്തോഷ് ട്രോഫി ജേതാക്കളാകുമ്പോള്‍ പരിശീലകനായിരുന്നു ബിനോ. 2017 മുതല്‍ 2019 വരെ ഐ ലീഗ് ക്ലബ് ഗോകുലം കേരളയേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
26 ടീമുകള്‍ കളിക്കുന്ന ലീഗില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ടീമിന്റെ പ്രകടനം കണക്കിലെടുത്താണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്. കഴിഞ്ഞ തവണ തോല്‍വി അറിയാതെയാണ് ബിനോയ്ക്ക് കീഴില്‍ ഈസ്റ്റ് ബംഗാള്‍ കിരീടം നേടിയത്. ഇത്തവണ ഒരു മത്സരത്തില്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്. മോഹന്‍ ബഗാനെതിരെ ഡര്‍ബിയിലും ഈസ്റ്റ് ബംഗാള്‍ തന്നെയാണ് ജയിച്ചത്. ബംഗാളിലെ ഏറ്റവും മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മലയാളി കൂടിയാണ് ബിനോ. നേട്ടം ദൈവാനുഗ്രഹമാണെന്ന് ബിനോ പറഞ്ഞു.
