കൂറ്റൻ മഞ്ഞുകട്ടയ്ക്കുള്ളിൽ വെച്ച ജേഴ്സി, മഞ്ഞുരുകുന്നതിനനുസരിച്ച് പുറത്തുവരുന്ന രീതിയിലുള്ള വേറിട്ട കാഴ്ച ആരാധകർക്ക് കൗതുകമായി.
കോഴിക്കോട്: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലേക്കുള്ള ജേഴ്സി അവതരിപ്പിച്ച് കാലിക്കറ്റ് എഫ്‌സി. ആരാധകരെയും പൊതുജനങ്ങളെയും അണിനിരത്തി വ്യത്യസ്തമായ ഡിജിറ്റൽ, ഓൺ-ഗ്രൗണ്ട് പരിപാടികളിലൂടെയാണ് ക്ലബ്ബ് പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഞായറാഴ്ച, ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്ത പ്രത്യേക ബ്രാൻഡ് വീഡിയോയിലൂടെയാണ് പുതിയ ജേഴ്സിയുടെ ആദ്യ ഡിജിറ്റൽ അനാവരണം.
അതോടൊപ്പം കോഴിക്കോട് ബീച്ചിൽ ഉച്ചയ്ക്ക് 3:00 മണി മുതൽ പൊതുജനങ്ങൾക്കായി പ്രത്യേക 'ഐസ് ആക്ടിവേഷൻ' പരിപാടിയും സംഘടിപ്പിച്ചു. കൂറ്റൻ മഞ്ഞുകട്ടയ്ക്കുള്ളിൽ വെച്ച ജേഴ്സി, മഞ്ഞുരുകുന്നതിനനുസരിച്ച് പുറത്തുവരുന്ന രീതിയിലുള്ള വേറിട്ട കാഴ്ച ആരാധകർക്ക് കൗതുകമായി. കാണികൾക്കായി വിവിധ ഗെയിമുകളും ബീച്ചിൽ ഒരുക്കിയിരുന്നു. ജേഴ്സി ലോഞ്ചിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ നീളുന്ന അഞ്ച് ദിവസത്തെ 'ട്രഷർ ഹണ്ട്' മത്സരവും നഗരത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് നഗരത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന 10 ജേഴ്സികൾ കണ്ടെത്താനുള്ള സൂചനകൾ ക്ലബ്ബിന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കും. പുതിയ സീസണിന് മുന്നോടിയായി ആരാധകരെയും ഫുട്ബോൾ പ്രേമികളെയും നേരിട്ട് പങ്കാളികളാക്കാനും ടീമുമായി കൂടുതൽ അടുപ്പിക്കാനും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ റിലീസിനൊപ്പം ഐസ് ആക്ടിവേഷനും ട്രഷർ ഹണ്ടും സംയോജിപ്പിച്ച് ഇത്തരമൊരു വേറിട്ട ക്യാമ്പെയ്ൻ സംഘടിപ്പിച്ചതെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
