199 മത്‌ മാഞ്ചസ്‌റ്റര്‍ ഡെര്‍ബിയില്‍ ഭൂരിഭാഗം സമയവും പത്ത്‌ പേരുമായി കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ ആവേശകരമായ ജയം (1-0). നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിംഗ്‌ ഹാലന്‍ഡാണ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ വീഴ്‌ത്താന്‍ സിറ്റിയെ സഹായിച്ചത്‌.

മാഞ്ചസ്റ്റര്‍: 199 മത്‌ മാഞ്ചസ്‌റ്റര്‍ ഡെര്‍ബിയില്‍ ഭൂരിഭാഗം സമയവും പത്ത്‌ പേരുമായി കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ ആവേശകരമായ ജയം (1-0). നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിംഗ്‌ ഹാലന്‍ഡാണ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ വീഴ്‌ത്താന്‍ സിറ്റിയെ സഹായിച്ചത്‌. ഇരുപത്തിമൂന്നാം മിനുട്ടില്‍ ഫില്‍ ഫോഡന്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്തായതിന്‌ ശേഷം പ്രതിരോധത്തിലേക്ക്‌ പൂര്‍ണമായും വലിഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി അവസരം കിട്ടിയപ്പോള്‍ വല കുലുക്കി. സ്‌റ്റോപ്പേജ്‌ ടൈമില്‍ ക്ലോസ്‌ ഷോട്ട്‌ തടഞ്ഞ്‌ സിറ്റി ഗോളി ഡൊന്നാറുമ്മയും യുനൈറ്റഡിനെ നിരാശപ്പെടുത്തി.

പ്രീമിയര്‍ ലീഗ്‌ ടേബിളില്‍ നാല്‌ മത്സരങ്ങളില്‍ എല്ലാ കളിയും ജയിച്ച്‌ 12 പോയിന്റ്‌ വീതമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും മുന്‍നിരയില്‍ തുടരുന്നു. ഗോള്‍ശരാശരിയില്‍ മുന്നിലുള്ള ആഴ്‌സണല്‍ ഒന്നാംസ്ഥാനത്തും സിറ്റി രണ്ടാം സ്ഥാനത്തുമാണ്‌. നാല്‌ കളികളില്‍ നാല്‌ പോയിന്റ്‌ മാത്രമുള്ള മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ പതിമൂന്നാം സ്ഥാനത്താണ്‌. നാല്‌ മത്സരം പൂര്‍ത്തിയാക്കിയ ചെല്‍സി ഏഴ്‌ പോയിന്റുമായി അഞ്ചാം സ്ഥാനത്തും ആറ്‌ പോയിന്റുമായി ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തുമാണ്‌.

പത്ത്‌ പേരുമായി എഴുപത്‌ മിനുട്ടിലേറെ നേരം കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയെ പരീക്ഷിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ സാധിച്ചില്ല. രണ്ട്‌ തവണ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചത്‌ മാത്രമാണ്‌ യുനൈറ്റഡിന്‌ എടുത്തുപറയാനുള്ളത്‌. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എന്‍സോയുടെ ഷോട്ടും പോസ്‌റ്റില്‍ തട്ടി മടങ്ങിയിരുന്നു. സ്‌റ്റോപ്പേജ്‌ ടൈമില്‍ സമനില നേടാന്‍ യുനൈറ്റഡിന്‌ സുവര്‍ണാവസരം ലഭിച്ചു. ബ്രയാന്‍ എംബൗമോയ്‌ക്ക്‌ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അവസരം ലഭിച്ചു. പക്ഷേ, സിറ്റി ഗോളി ഡൊന്നാരുമ്മയുടെ അവസരോചിതമായ സേവ്‌ ആതിഥേയര്‍ക്ക്‌ ആശ്വാസ സമനില പോലും നിഷേധിച്ചു. ഈ തോല്‍വിയോടെ, കോച്ച്‌ മൈക്കല്‍ കാരിക്കിന്റെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിലെ ഭാവി ഇരുളിലായി. പത്ത്‌ പേരുമായി കളിച്ച ടീമിനോട്‌ തോല്‍ക്കേണ്ടി വന്നത്‌, അതും നഗരവൈരികളുടെ പോരില്‍ സംഭവിച്ചത്‌ നാണക്കേടാണ്‌. കാരിക്ക്‌ ഈ തോല്‍വിക്ക്‌ മറുപടി പറയേണ്ടിവരും.

ഹാലന്‍ഡിന്‌ ഡെര്‍ബി റെക്കോര്‍ഡ്‌

അറുപതാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വലയില്‍ പന്തെത്തിച്ചതോടെ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ എര്‍ലിംഗ്‌ ഹാലന്‍ഡ്‌ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡ്‌ സ്വന്തമാക്കി. മാഞ്ചസ്‌റ്റര്‍ ഡെര്‍ബിയില്‍ എട്ടാം ഗോള്‍ കണ്ടെത്തിയ നോര്‍വെ സ്‌ട്രൈക്കര്‍ മാഞ്ചസ്‌റ്റര്‍ പോരിലെ എക്കാലത്തേയും ടോപ്‌ സ്‌കോററായി. ഏഴ്‌ ഗോളുകളുമായി മുന്‍ സിറ്റി താരം സെര്‍ജിയോ അഗ്യുറോയും മുന്‍ യുനൈറ്റഡ്‌ താരം വെയിന്‍ റൂണിയുമാണ്‌ രണ്ടാം സ്ഥാനത്ത്‌. റൂണി 21 മത്സരങ്ങളില്‍ നിന്നാണ്‌ ഏഴ്‌ ഗോളുകള്‍ നേടിയതെങ്കില്‍ അഗ്യുറോയുടേത്‌ പതിമൂന്ന്‌ മത്സരങ്ങളില്‍ നിന്നായിരുന്നു. ഹാലന്‍ഡ്‌ എട്ട്‌ മത്സരങ്ങളില്‍ നിന്നാണ്‌ എട്ട്‌ ഗോളുകള്‍ നേടിയത്‌.

2022 ലാണ്‌ ഹാലന്‍ഡ്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍ ചേര്‍ന്നത്‌. ആ സീസണില്‍ മാഞ്ചസ്‌റ്റര്‍ ഡെര്‍ബിയില്‍ ഹാട്രിക്ക്‌ നേടിക്കൊണ്ടാണ്‌ ഹാലന്‍ഡ്‌ വരവറിയിച്ചത്‌. മത്സരം 6-3ന്‌ സിറ്റി ജയിച്ചു. അതിന്‌ ശേഷം എല്ലാ സീസണിലും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെതിരെ ഹാലന്‍ഡ്‌ ഗോളടിച്ചിട്ടുണ്ട്‌. 2025 സെപ്‌തംബര്‍ 14നാണ്‌ ഇതിന്‌ മുമ്പ്‌ ഹാലന്‍ഡ്‌ ഡെര്‍ബി കളിച്ചത്‌. അന്ന്‌ ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ സിറ്റി 3-0ന്‌ യുനൈറ്റഡിനെ തകര്‍ത്തിരുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK