ഹോം ഗ്രൗണ്ടിൽ സമനില നേടിയാലും ആദ്യകിരീടം ലക്ഷ്യമിടുന്ന പിഎസ്‌ജിക്ക് ഫൈനൽ ഉറപ്പിക്കാം.

പാരീസ്: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്‍റർ മിലാന്‍റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. രണ്ടാം സെമിഫൈനലിൽ പി എസ് ജി രാത്രി 12.30ന് ആഴ്സണലുമായി ഏറ്റുമുട്ടും. പാരിസ് സെന്‍റ് ജർമെയ്ൻ രണ്ടാംപാദ സെമിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്ആഴ്സണലിന്റെ മൈതാനത്ത് നേടിയ ഒറ്റ ഗോളിന്‍റെ കരുത്തിലായിരുന്നു. ആദ്യപാദത്തിൽ പിഎസ്‌ജിക്ക് നിർണായക ലീഡ് നൽകിയത് ഒസ്മാൻ ഡെംബലേയുടെ ഗോള്‍.

ഹോം ഗ്രൗണ്ടിൽ സമനില നേടിയാലും ആദ്യകിരീടം ലക്ഷ്യമിടുന്ന പിഎസ്‌ജിക്ക് ഫൈനൽ ഉറപ്പിക്കാം. 2009ന് ശേഷം ആദ്യമായി സെമിയിൽ കളിക്കുന്ന ആഴ്സണൽ ഇറങ്ങുന്നത് പ്രീമിയർ ലീഗിൽ ബോൺമൗത്തിനോടേറ്റ തോൽവിയുടെ ആഘാതവുമായി. പ്രധാന താരങ്ങളുടെ പരിക്കിൽ വലയുകയാണ് ഗണ്ണേഴ്സ്. ബുകായ സാക്കയുടെ മങ്ങിയഫോമും തിരിച്ചടിയാണ്. എങ്കിലും ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഗണ്ണേഴ്സ് എല്ലാം മറന്ന് പൊരുതുമെന്ന് കോച്ച് മികൽ അർട്ടേറ്റ ആരാധകർക്ക് ഉറപ്പ് നൽകുന്നു.

ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; റൺവേട്ടയിൽ സൂര്യ വീണ്ടും ഒന്നാമത്, സുദര്‍ശനും ഗില്ലും തൊട്ടുപിന്നിൽ

സ്പാനിഷ് കോച്ച് ലൂയിസ് എൻറികെയ്ക്ക് കീഴിൽ അപകടകാരികളായ സംഘമായി മാറിക്കഴിഞ്ഞു പിഎസ്ജി. ആദ്യപാദ സെമിയിൽ മധ്യനിരയിൽ നേടിയ ആധിപത്യം തുടരുകയാവും എന്‍റികെയുടെ ലക്ഷ്യം. സീസണിൽ 33 ഗോൾ നേടിയ ഒസ്മാൻ ഡെംബലേ പരിക്കിൽനിന്ന് മുക്തനായത് പിഎസ്‌ജിക്ക് ആശ്വാസം. ഇരുടീമും നേർക്കുനേർ വരുന്ന അഞ്ചാമത്തെ മത്സരം. പിഎസ്ജിക്കും ആഴ്സണലിനും ഓരോ ജയം വീതം. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.

ഇന്നലെ നടന്ന ആദ്യ സെമിയില്‍ ബാഴ്‌സലോണയെ മറികടന്നാണ് ഇന്‍റര്‍ മിലാന്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിയത്. രണ്ടാം പാദ സെമി ഫൈനലില്‍ 4-3നായിരുന്നു ബാഴ്സക്കെതിരെ ഇന്‍ററിന്‍റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് അധിക സമയത്ത് നേടിയ ഗോളിലാണ് ഇന്‍റര്‍ വിജയം കണ്ടത്. ലാതുറോ മാര്‍ട്ടിനെസ്, ഹകാന്‍ കലഹാനൊഗ്ലൂ, ഫ്രാന്‍സെസ്‌കോ അസെര്‍ബി, ഡേവിഡ് ഫ്രറ്റേസി എന്നിവരാണ് ഇന്ററിന് വേണ്ടി ഗോള്‍ നേടിയത്. എറിക് ഗാര്‍സിയ, ഡാനി ഓല്‍മോ, റഫീഞ്ഞ എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കാംപ് നൂവില്‍ നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടിയിരുന്നു. ഇരുപാദങ്ങളിലുമായി 7-6നാണ് ഇന്റര്‍ ജയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക