ലിസ്‍ബന്‍: കൊവിഡ് 19 മഹാമാരിക്കെതിരെ പൊരുതുന്ന പോർച്ചുഗലിലെ ആശുപത്രികള്‍ക്ക് ഒരു മില്യണ്‍ യുറോയുടെ സഹായം പ്രഖ്യാപിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദേഹത്തിന്‍റെ ഏജന്‍റും. പോർച്ചുഗീസ് നഗരം ലിസ്‍ബനിലെ സാന്‍റാ മരിയാ ആശുപത്രിയിലും പോർട്ടോയിലെ സാന്‍റോ അന്‍റോണിയോ ആശുപത്രിയിലും വെന്‍റിലേറ്ററും ഐസിയുവും അടക്കമുള്ള സൌകര്യങ്ങളൊരുക്കാനാണ് ഇരുവരുടെയും സഹായം എന്ന് ഗോള്‍ ഡോട് കോം റിപ്പോർട്ട് ചെയ്തു.

Read more: ക്രിസ്റ്റ്യാനോയുടെ ഹോട്ടലുകള്‍ ആശുപത്രികളല്ല; കൊവിഡ് പശ്ചാത്തലത്തില്‍ പ്രചരിച്ച വാര്‍ത്ത വ്യാജം

ബെഡ്, മോണിറ്റർ, ഇന്‍ഫ്യൂണന്‍ പമ്പുകള്‍, ഫാന്‍ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇരുവരും ഐസിയുകളില്‍ ഒരുക്കും. റോണോയുടെ സഹായത്തിന് ഇരു ആശുപത്രി അധികൃതരും നന്ദി അറിയിച്ചു. രാജ്യം ആവശ്യപ്പെടുമ്പോള്‍ ലഭിക്കുന്ന വലിയ സാഹായം എന്നാണ് സാന്‍റോ അന്‍റോണിയോ ആശുപത്രി ഭരണസമിതി പ്രസിഡന്‍റ്  പൌലോ ബാർബോസയുടെ വാക്കുകള്‍. 

ഒരു മില്യണ്‍ യൂറോയുമായി മെസിയും

സമാന സഹായം ബാഴ്‍സലോണയുടെ അർജന്‍റീനന്‍ സ്‍ട്രൈക്കർ ലിയോണല്‍ മെസിയും മാഞ്ചസ്റ്റർ സിറ്റി പരിശീലകന്‍ പെപ് ഗാർഡിയോളയും നല്‍കിയിട്ടുണ്ട്. കൊവിഡ് 19നെതിരെ പൊരുതുന്ന ബാഴ്‍സലോണയിലെ ആശുപത്രിക്കാണ് ഒരു മില്യണ്‍ യൂറോ വീതമുള്ള ഇരുവരുടെയും സഹായം. മെസിയുടെ സഹായം ലഭിച്ചതായി ആശുപത്രി അധികൃതർ ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

യൂറോപ്പില്‍ കൊവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് സ്‍പെയിന്‍. ഇതുവരെ 42000ത്തിലേറെ പേർ രോഗ ബാധിതരായപ്പോള്‍ 2,991 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം പോർച്ചുഗലില്‍ 33 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

Read more: മെസി മുതല്‍ ഛേത്രി വരെ; കൊവിഡ് 19 പ്രതിരോധത്തിന് കച്ചമുറുക്കി ഫിഫയും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക