ബാഴ്‍സലോണ: കൊവിഡ് 19 കാരണം മത്സരങ്ങള്‍ റദ്ദാക്കിയതിനാല്‍ ബാഴ്‍സലോണ എഫ്സിക്ക് പിന്നാലെ ശമ്പളം വെട്ടിക്കുറയ്ക്കല്‍ ആവശ്യപ്പെട്ട് എസ്‍പാന്യോളും. താരങ്ങളുടെയും സ്റ്റാഫിന്‍റെയും ശമ്പളം 70 ശതമാനം കുറയ്ക്കാന്‍ അനുമതി തേടി ക്ലബ് കറ്റാലിയന്‍ തൊഴില്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കി എന്നാണ് റിപ്പോർട്ട്.

കൊവിഡ് മൂലം വലിയ സമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബുകളിലൊന്നാണ് ലാ ലിഗയില്‍ അവസാനസ്ഥാനക്കാരായ എസ്‍പാന്യോൾ. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും എസ്‍പാന്യോൾ പരിഗണിക്കുന്നുണ്ട്. പുരുഷ-വനിതാ ടീമുകള്‍ക്ക് പുറമെ ബി, യൂത്ത് ടീമുകള്‍ക്കും ശമ്പളം വെട്ടിക്കുറയ്ക്കല്‍ ബാധകമാകും എന്ന് എസ്‍പാന്യോൾ വ്യക്തമാക്കി. 

Read more: മത്സരങ്ങളില്ല, വരുമാനവുമില്ല; ലാ ലിഗ ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

നിലവിലെ സാഹചര്യത്തില്‍ എല്ലാ താരങ്ങളുടെയും ശമ്പളം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് സൂപ്പർ ക്ലബ് ബാഴ്‍സലോണ അറിയിച്ചിരുന്നു. പുരുഷ-വനിതാ ടീമുകളെ കൂടാതെ ബി, അണ്ടർ 19 ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റാഫിനും ഇത് ബാധകമാകും എന്നാണ് ദ് ഗാർഡിയന്‍റെ റിപ്പോർട്ട്. നിലവില്‍ അനിശ്ചിതകാലത്തേക്ക് മത്സരങ്ങള്‍ നിർത്തിവച്ചിരിക്കുകയാണ് ലാ ലിഗ. 

കൊവിഡ് 19 യൂറോപ്പില്‍ ഏറ്റവും നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. ഇതുവരെ 64,059 പേർക്ക് രോഗം പിടിപെട്ടപ്പോള്‍ 4,858 പേർക്ക് ജീവന്‍ നഷ്ടമായി. ലോകത്താകമാനം 25,000ലേറെ പേരുടെ ജീവനാണ് മഹാമാരി കവർന്നത്. അഞ്ച് ലക്ഷത്തിലധികം പേർ രോഗബാധിതരായി. 

Read more: സ്‍പെയിനില്‍ കൊവിഡ് 19 പടരുന്നു; ലാ ലിഗ അനിശ്ചിതകാലത്തേക്ക് നിർത്തി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക