അപ്പോഴുണ്ടായ പ്രയാസത്തിൽ ചെയ്ത് പോയതാണെന്നും ടീമിനെയും സഹതാരങ്ങളേയും പരിശീലകരേയും ബഹുമാനിക്കുന്നതാണ് തന്‍റെ രീതിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ റൊണാൾഡോ മറുപടി നൽകി. ഇതിനിടെ റൊണാൾഡോ ജനുവരിയിൽ യുണൈറ്റഡ് വിടുമെന്ന അഭ്യുഹങ്ങളും ശക്തമായി.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് എതിരായ മത്സരം പൂർത്തിയാവും മുൻപ് കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തില്‍ പരക്കാരനായി ഗ്രൗണ്ടിലിറങ്ങാനും വിസമ്മതിച്ചുവെന്ന് യുനൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. മത്സരത്തില്‍ റൊണാള്‍ഡോ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ടെന്‍ ഹാഗ് അതെ എന്ന് മറുപടി നല്‍കിയത്.

താനാണ് ടീമിന്‍റെ പരിശീലകനെന്നും ടീമിനകത്തെ നിലനില്‍ക്കുന്ന സംസ്കാരത്തിന് തനിക്കാണ് ഉത്തരവാദിത്തമെന്നും ടെന്‍ ഹാഗ് വ്യക്തമാക്കി. ടീമിനായി ഞാന്‍ ചില മൂല്യങ്ങളും നിയന്ത്രണങ്ങളും വെച്ചിട്ടുണ്ട്. അത് പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുക എന്നത് എന്‍റെ ചുമതലയാണ്. ഫുട്ബോള്‍ എന്നത് ടീം ഗെയിമാണ്. അതുകൊണ്ടുതന്നെ അതിന്‍റേതായ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അത് ഉറപ്പുവരുത്തേണ്ടത് പരിശീലകനെന്ന നിലയില്‍ എന്‍റെ ചുമതലയാണ്. തീര്‍ച്ചയായും ഇപ്പോഴത്തെ നടപടിക്ക് പ്രത്യാഘാതം ഉണ്ടാകും. അത് ഞാന്‍ സീസണ്‍ തുടങ്ങും മുമ്പെ എല്ലാ കളിക്കാരോടു പറഞ്ഞിട്ടുള്ളതാണ്-ടെന്‍ ഹാഗ് പറഞ്ഞു.

'ബഹുമാനിക്കാനേ പഠിച്ചിട്ടുള്ളൂ'; ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിശദീകരണവുമായി ക്രിസ്റ്റ്യാനോ

നാളെ ചെൽസിക്കെതിരായ മത്സരത്തിനുള്ള ടീമിൽ നിന്ന് റൊണാൾഡോയെ ടെന്‍ ഹാഗ് ഒഴിവാക്കിയിരുന്നു. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് പോകുന്ന സംഘത്തിൽ റൊണാൾഡോ ഉണ്ടാവില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു. അതേസമയം, അപ്പോഴുണ്ടായ പ്രയാസത്തിൽ ചെയ്ത് പോയതാണെന്നും ടീമിനെയും സഹതാരങ്ങളേയും പരിശീലകരേയും ബഹുമാനിക്കുന്നതാണ് തന്‍റെ രീതിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ റൊണാൾഡോ മറുപടി നൽകി. ഇതിനിടെ റൊണാൾഡോ ജനുവരിയിൽ യുണൈറ്റഡ് വിടുമെന്ന അഭ്യുഹങ്ങളും ശക്തമായി.

ടോട്ടനത്തിനെതിരായ മത്സരം ഇഞ്ചുറി ടൈമിലൈക്ക് കടന്നിട്ടും കോച്ച് എറിക് ടെൻ ഹാഗ് കളിക്കാൻ അവസരം നൽകാതിരുന്നതോടെയാണ് റൊണാൾഡോ മത്സരം പൂര്‍ത്തിയാവാന്‍ കാത്തു നില്‍ക്കാതെ ഗ്രൗണ്ട് വിട്ടുപോയത്. പ്രീ സീസൺ പരിശീലനത്തിൽ നിന്നും സന്നാഹമത്സരങ്ങളിൽ നിന്നും വിട്ടുനിന്നതിനാൽ റൊണാൾഡോയെ മിക്ക മത്സരങ്ങളിലും കോച്ച് ആദ്യ ഇലവനിൽ ഉൾപ്പെടുത്താറില്ല. ഇതുകൊണ്ടുതന്നെ സീസണിൽ രണ്ടുഗോൾ മാത്രമേ റൊണാൾഡോയ്ക്ക് നേടാനായിട്ടുള്ളൂ.

ഫുട്ബോള്‍ ലോകകപ്പ്: ഫ്രാന്‍സിന്‍റെ 'എ‍ഞ്ചിന്‍' പണിമുടക്കി, ലോകകപ്പിനില്ല; പോര്‍ച്ചുഗലിനും പ്രഹരം

ഇതിന്‍റെ തുടർച്ചയായാണ് ടോട്ടനത്തിന് എതിരായ മത്സരം പൂർത്തിയാവും മുൻപ് കളിക്കളം വിട്ടത്. സീസണിൽ രണ്ടാം തവണയാണ് റൊണാൾഡോ ഇങ്ങനെ ഇറങ്ങിപ്പോകുന്നത്. റൊണാൾഡോയുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് യുണൈറ്റഡിന്റെ മുൻതാരമായ പീറ്റർ ഷ്മൈക്കേൽ ഉൾപ്പടെയുള്ളവർ പ്രതികരിച്ചിരുന്നു. യുണൈറ്റ‍ഡിന്‍റെ ആരാധകരും റൊണാൾഡോയ്ക്കെതിരെ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. റൊണാൾഡോ ഇറങ്ങിയില്ലെങ്കിലും യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ തോൽപിച്ചു.