കഴിഞ്ഞ ലീഗ് സീസണില്‍ ക്ലബ്ബിനായി 41 മത്സരങ്ങളില്‍ 35 ഗോളുകള്‍ നേടിയെങ്കിലും സൗദി ക്ലബിനൊപ്പം ട്രോഫികളൊന്നും നേടാൻ നാൽപതുകാരനായ റൊണാൾഡോയ്ക്ക് കഴിഞ്ഞിട്ടില്ല.

റിയാദ്: അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസറുമായുളള കരാർ പുതുക്കുന്നു. സൗദി പ്രോ ലീഗ് സീസണ് ശേഷം ടീം വിടുകയാണെന്ന് റൊണാൾഡോ സൂചിപ്പിച്ചിരുന്നു. കഴി‌ഞ്ഞ മാസം സൗദി പ്രോ ലീഗിലെ അവസാന ലീഗ് മത്സരവും കളിച്ചു കഴിഞ്ഞശേഷം ആ അധ്യായം കഴിഞ്ഞു എന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് പോര്‍ച്ചുഗല്‍ നായകന്‍ ക്ലബ്ബ് വിടുകയാണെന്ന സൂചന നല്‍കിയത്. എന്നാല്‍ ജൂണ്‍ അവസാനം കരാര്‍ തീരുന്ന 40-കാരനായ റൊണാള്‍ഡോ വൈകാതെ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അല്‍-നസ്‌ർ ഫിഫ ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പിന് യോഗ്യ നേടിയ ഏതെങ്കിലും ഒരു ടീമില്‍ ചേര്‍ന്ന് ടൂര്‍ണമെന്‍റില്‍ കളിക്കണമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ നിലപാടെടുത്തിരുന്നു. ക്ലബ്ബ് ലോകകപ്പിന് യോഗ്യ നേടിയ ടീമുകളില്‍ നിന്ന് വാഗ്ദാനം ലഭിച്ചെങ്കിലും താന്‍ അതെല്ലാം നിരസിക്കുകയായിരുന്നുവെന്ന് റൊണാള്‍ഡോ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ സ്പോര്‍ട്സില്‍ നിക്ഷേപമിറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.

2023 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നസറിലെത്തിയ റൊണാൾഡോ ക്ലബിനായി 111 മത്സരങ്ങളിൽ നിന്ന് 99 ഗോളും 19 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലീഗ് സീസണില്‍ ക്ലബ്ബിനായി 41 മത്സരങ്ങളില്‍ 35 ഗോളുകള്‍ നേടിയെങ്കിലും സൗദി ക്ലബിനൊപ്പം ട്രോഫികളൊന്നും നേടാൻ നാൽപതുകാരനായ റൊണാൾഡോയ്ക്ക് കഴിഞ്ഞിട്ടില്ല. സൗദി പ്രോ ലീഗ് കിരീടം നേടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അല്‍ നസ്ർ ഇറ്റാലിയന്‍ പരിശീലകന്‍ സ്റ്റെഫാനോ പിയോളിയുമായുള്ള കാര്‍ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ അല്‍ നസ്ർ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചാമ്പ്യൻമാരായ അല്‍ ഇത്തിഹാദിന് 13 പോയന്‍റ് പിന്നിലായാണ് അല്‍ നസ്ർ സീസണ്‍ അവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക