ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(4), ജോണ്‍ കാംപ്‌ബെൽ(7), കീസി കാര്‍ടി(20), ജോമെല്‍ വാറിക്കന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് ആദ്യ ദിനം നഷ്ടമായത്.
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനറിങ്ങിയ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാല്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന്‍റെ നാലു വിക്കറ്റുകള്‍ ആദ്യ ദിനം പിഴുത് ഓസ്ട്രേലിയ തിരിച്ചടിക്കുകയും ചെയ്തു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 57-4 എന്ന നിലയിലാണ് വിന്‍ഡീസ്. 23 റണ്‍സുമായി ബ്രാന്‍ഡന്‍ കിംഗും ഒരു റണ്ണുമായ ക്യാപ്റ്റൻ റോസ്റ്റൻ ചേസും ക്രീസില്‍.
ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(4), ജോണ്‍ കാംപ്‌ബെൽ(7), കീസി കാര്‍ടി(20), ജോമെല്‍ വാറിക്കന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് ആദ്യ ദിനം നഷ്ടമായത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലെ സാം കോണ്‍സ്റ്റാസിനെ(3) നഷ്ടമായിരുന്നു. പിന്നാലെ മൂന്നാം നമ്പറിലിറങ്ങിയ കാമറൂണ്‍ ഗ്രീന്‍(3), ജോഷ് ഇംഗ്ലിസ്(5) എന്നിവര്‍ കൂടി മടങ്ങിയതോടെ 22-3ലേക്ക് കൂപ്പുകുത്തിയ ഓസീസിനെ ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 100 കടത്തി. നാലാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ശേഷം ഖവാജയെ(47) ഷമാര്‍ ജോസഫ് മടക്കിയതോടെ ഓസീസ് വീണ്ടും തകര്‍ന്നു.
ബ്യൂ വെബ്‌സ്റ്റര്‍(11), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്(28) എന്നിവര്‍ മാത്രമാണ് പിന്നീട് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. 78 പന്തില്‍ 59 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ജസ്റ്റിൻ ഗ്രീവ്സ് മടക്കി. അലക്സ് ക്യാരി(8), മിച്ചല്‍ സ്റ്റാര്‍ക്ക്(0), നഥാന്‍ ലിയോണ്‍(9*), ഹേസല്‍വുഡ്(4) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. വെസ്റ്റ് ഇന്‍ഡീസിനായി ജെയ്ഡന്‍ സീല്‍സ് 60 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഷമാര്‍ ജോസഫ് 46 റണ്‍സിന് നാലു വിക്കറ്റെടുത്തു. പരിക്കേറ്റ സ്റ്റീവ് സ്മിത്ത് ഇല്ലാതെയാണ് ഓസീസ് ആദ്യ ടെസ്റ്റിനിറങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളാണുള്ളത്.


