വെസ്റ്റ് ഹാം: കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ചെറിയ തോതില്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാമിന്‍റെ എട്ട് താരങ്ങള്‍ സ്വമേധയാ ഐസൊലേഷനില്‍. ക്ലബ് വൈസ് പ്രസിഡന്‍റ് കാരെന്‍ ബ്രാഡിയാണ് ഇക്കാര്യം അറിയിച്ചതെന്ന് സ്കൈ സ്പോർട്‍സ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ താരങ്ങളെല്ലാം സുരക്ഷിതരാണെന്ന് ബ്രാഡി വ്യക്തമാക്കി.

Read more: ഫുട്ബോളിനെ കണ്ണീരിലാഴ്‍ത്തി കൊവിഡ് 19; ഫെല്ലിനിക്കും രോഗബാധ

കൊവിഡ് ഭീതിയില്‍ പ്രതിരോധത്തിലാവുന്ന ഒടുവിലത്തെ ഇംഗ്ലീഷ് ക്ലബാണ് വെസ്റ്റ് ഹാം. ആഴ്സനല്‍ മാനേജർ മൈക്കല്‍ ആർട്ടേറ്റ, ചെല്‍സി വിംഗർ ക്വാലം ഒഡോയ് എന്നിവരും ചില ലെസ്റ്റർ സിറ്റി താരങ്ങളും നേരത്തെ രോഗത്തിന്‍റെ പിടിയിലായിരുന്നു. ആർട്ടേറ്റയും ഒഡോയും ഇപ്പോള്‍ രോഗമുക്തരായിട്ടുണ്ട്. 

Read more: ഇതാണ് ഫുട്ബോള്‍; ആരോഗ്യ ജീവനക്കാർക്കായി മില്ലേനിയം ഹോട്ടൽ തുറന്നിട്ട് ചെല്‍സി; താമസം സൌജന്യം; കയ്യടിച്ച് ലോകം

വെസ്റ്റ് ഹാം താരങ്ങളെല്ലാം വീടുകളിലാണ് പരിശീലനം നടത്തുന്നത്. ഏപ്രില്‍ 13ന് ബ്രിട്ടനിലെ ലോക്ക് ഡൌണ്‍ കാലയളവ് അവസാനിച്ചാല്‍ ടീം ക്യാമ്പ് പുനരാരംഭിക്കാം എന്ന പ്രതീക്ഷയിലാണ് ക്ലബ്. ഏപ്രില്‍ 30 വരെയാണ് നിലവില്‍ പ്രീമിയർ ലീഗ് നിർത്തിവച്ചിരിക്കുന്നത്. എന്നാല്‍ സീസണ്‍ ഉപേക്ഷിക്കാനോ കൂടുതല്‍ നീട്ടിവക്കാനോ ഉള്ള സാധ്യതകള്‍ മുന്നിലുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക