ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ഇന്ന് സൂപ്പര്‍ ക്ലൈമാക്സിലേക്ക്. ചാംപ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ട് അഞ്ച് ടീമുകള്‍ ഇന്ന് അവസാന മത്സരത്തിനിറങ്ങും.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് സൂപ്പര്‍ ക്ലൈമാക്‌സ്. ചാംപ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ട് അഞ്ച് ടീമുകളാണ് ഇന്ന് അവസാന മത്സരത്തിന് ഇറങ്ങുന്നത്. എല്ലാ മത്സരങ്ങളും തുടങ്ങുക രാത്രി 8.30ന്. പ്രീമിയര്‍ ലീഗില്‍ നിന്ന് ചാന്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുക അഞ്ച് ടീമുകള്‍. ഒറ്റമത്സരം ശേഷിക്കേ യോഗ്യത ഉറപ്പാക്കിയത് കിരീടം സ്വന്തമാക്കിയ ലിവര്‍പുളും രണ്ടാം സ്ഥാനക്കാരായ ആഴ്‌സണലും മാത്രം. ശേഷിച്ച മൂന്ന് ചാമ്പ്യന്‍സ് ലീഗ് സ്ഥാനങ്ങള്‍ക്കായി പ്രതീക്ഷയോടെ ഇന്ന് കളത്തില്‍ ഇറങ്ങുന്നത് മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുണൈറ്റഡ്, ചെല്‍സി, ആസ്റ്റന്‍ വില്ല, നോട്ടിങ്ങാം ഫോറസ്റ്റ് എന്നിവര്‍. 

ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും ഏഴാം സ്ഥാനത്തുള്ള നോട്ടിങ്ങാം ഫോറസ്റ്റും തമ്മിലുള്ള വ്യത്യാസം 3 പോയിന്റ് മാത്രം. സിറ്റിക്ക് 68ഉം, ന്യൂകാസിലിനും ചെല്‍സിക്കും ആസ്റ്റന്‍ വില്ലയ്ക്കും 66ഉം നോട്ടിങ്ങാം ഫോറസ്റ്റിന് 65ഉം പോയിന്റാണുളളത്. ഫുള്‍ഹാമിനെ നേരിടുന്ന നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില നേടിയാലും ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാം. ന്യൂകാസിലിന്റെ എതിരാളികള്‍ എവര്‍ട്ടന്‍. ആസ്റ്റന്‍ വില്ലയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ചാംപ്യന്‍സ് ലീഗ് പ്രതീക്ഷയുമായി ഇഞ്ചോടിഞ്ച് പോരാടുന്ന ചെല്‍സിയും നോട്ടിങ്ങാം ഫോറസ്റ്റും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. 

ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത് നോട്ടിംഗ്ഹാം ഫോറസ്റ്റിന് മുന്‍തൂക്കം നല്‍കും. ഇന്ന് ജയിച്ചാല്‍ ന്യൂകാസിലിനും ചെല്‍സിക്കും ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാം.ചെല്‍സിയെ തോല്‍പിച്ചാലും മറ്റുടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാണ് നോട്ടിംഗ്ഹാമിന്റെ സാധ്യതകള്‍. ലീഗില്‍ പതിനേഴാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ ദിവസം യൂറോപ്പ ലീഗ് കിരീടം നേടിയതോടെ ടോട്ടനം ആറാമത്തെ പ്രീമിയര്‍ ലീഗ് ടീമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഇന്നത്തെ മറ്റ് മത്സരങ്ങലില്‍ ലിവര്‍പൂള്‍, ക്രിസ്റ്റല്‍ പാലസിനേയും ആഴ്‌സണല്‍ സതാംപ്ടണേയും ടോട്ടനം ബ്രൈറ്റനേയും നേരിടും.

സലാ മികച്ച താരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി മുഹമ്മദ് സലാ. സീസണില്‍ നേടിയ 28 ഗോളും 18 അസിസ്റ്റുമാണ് ലിവര്‍പൂള്‍ താരമായ സലായെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആരാധകരും ഫുട്‌ബോള്‍ വിദഗ്ധരും ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്. സഹതാരം വിര്‍ജിന്‍ വാന്‍ഡൈക്ക്, റയാന്‍ ഗ്രാവെന്‍ബെര്‍ഷ് എന്നിവരെ മറികടന്നാണ് സലായുടെ നേട്ടം. 2018ലും സലാ മികച്ച താരത്തിനുള്ള പ്രീമിയര്‍ ലീഗ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. രണ്ടുതവണ പ്രീമിയര്‍ ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചാമത്തെ താരമാണ് 32കാരനായ സലാ. കഴിഞ്ഞയാഴ്ച ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സലാ സ്വന്തമാക്കിയിരുന്നു.