ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ജയത്തുടക്കം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണൽ തോൽപ്പിച്ചു.
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ജയത്തുടക്കം. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എതിരില്ലാത്ത ഒരു ഗോൾ ജയവുമായാണ് ഗണ്ണേഴ്സ് വിജയത്തുടക്കമിട്ടത്. 13- മിനുട്ടിൽ ഡക്ലാന്‍ റൈസെടുത്ത കോർണറിൽ നിന്നാണ് ഗണ്ണേഴ്സ് ഗോൾ സ്കോർ ചെയ്തത്. ടര്‍ക്കി താരം റിക്കാർഡോ കാലാഫിയോറിയാണ് ആഴ്സണലിന്‍റെ വിജയഗോൾ നേടിയത്. മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആധിപത്യം പുലർത്തിയതെങ്കിലും സമനില ഗോൾ കണ്ടെത്താൻ മുന്‍ ചാമ്പ്യൻമാര്‍ക്ക് കഴിഞ്ഞില്ല.
ആഴ്സണലിന്റെ ഗോൾകീപ്പർ ഡേവിഡ് റയയുടെ തകര്‍പ്പൻ സേവുകളും ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡിന് വില്ലനായി. പുതിയ താരങ്ങളായ മത്തേയൂസ് ക്യൂന, ബ്രയാന്‍ ബ്യൂമോ, ബെഞ്ചമിന്‍ സെസ്കോ എന്നിവരെല്ലാം യുണൈറ്റഡിനായി കളത്തിലിറങ്ങിയെങ്കിലും സമനിലഗോള്‍ കണ്ടെത്താനായില്ല. അതേസമയം ആദ്യ മത്സരം ജയിച്ചു തുടങ്ങാനായത് ആഴ്സണലിന് ആശ്വാസമായി. കഴിഞ്ഞ മൂന്ന് സീസണുകളിലും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആഴ്സണല്‍ ഇത്തവണ 2003-2004നുശേഷമുള്ള ആദ്യ പ്രീമിയര്‍ ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്.
അതേസമയം, സീസണിലെ ആദ്യ മത്സരത്തിൽ മുന്‍ ചാമ്പ്യൻമാരായ ചെൽസി നിരാശപ്പെടുത്തി. ക്രിസ്റ്റൽ പാലസിനെതിരെ ചെല്‍സിക്ക് ഗോൾരഹിത സമനില വഴങ്ങേണ്ടിവന്നു. ക്രിസ്റ്റൽ പാലസിന്‍റെ ഗോൾ പോസ്റ്റിലേക്ക് ചെൽസി 19 ഷോട്ടുകൾ തൊടുത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയിലെ ഒരു ഫ്രീ കിക്ക് ഗോൾ വാർ പരിശോധനയിൽ നിഷേധിച്ചത് ക്രിസ്റ്റൽ പാലസിനും തിരിച്ചടിയായി.
സീസണിലെ ആദ്യ മത്സരത്തിൽ നോട്ടിങ്ങാം ഫോറസ്റ്റ് തകർപ്പൻ ജയത്തോടെ തുടങ്ങി. ബ്രെൻഡ്ഫോർഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. നോട്ടിങ്ങാമിനായി ക്രിസ് വുഡ് ഇരട്ട ഗോളുകൾ നേടി. പ്രീമിയർ ലീഗിൽ ഇന്ന് എവർടൺ ലീഡ്സ് യുണൈറ്റഡുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.


